വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെടാനുള്ള കാരണം അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അപകടത്തെ കുറിച്ചുള്ള റിപ്പോർട്ട് വിശദമായി പരിശോധിച്ചു. വേഗത നിയന്ത്രിക്കുന്ന ഉപകരണം അപകടത്തിൽപ്പെട്ട ബസിൽ നിന്നും എടുത്തു മാറ്റിയിരുന്നുവെന്നാണ് കണ്ടെത്തൽ.
അനധികൃതമായി വാഹനത്തിൽ മാറ്റം വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി ക്രിമിനൽ നടപടി എടുക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. വടക്കഞ്ചേരി അപകടത്തിൽപ്പെട്ട ബസ്സ് കരിമ്പട്ടികയിലുള്ളതാണ്. ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ യാത്ര തടയാനാവില്ലായിരുന്നു.
ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. വാഹനങ്ങളിലെ വേഗപ്പൂട്ടുകളിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സംസ്ഥാന വ്യാപകമായി നിലവിൽ നടക്കുന്ന പരിശോധന തുടരും. സംസ്ഥാനത്തെ 86 ആർടിഒ ഓഫീസുകളുടെയും പരിധിയിലെ ടൂറിസ്റ്റ്, സ്വകാര്യ ബസ്സുകളുടെ ചുമതല ഉദ്യോഗസ്ഥർക്ക് നൽകും. ക്രമക്കേട് കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയാകും. ഉദ്യോഗസ്ഥനെതിരെയും നടപടിയുണ്ടാകും. വാഹനങ്ങളിൽ മൂന്ന് തലത്തിലുള്ള പരിശോധനയാകും ഇനി കേരളത്തിലുണ്ടാകുക.