ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് നടപടി എടുത്തത്. സന്ദീപ് വാര്യരെ നീക്കിയത് പാർട്ടിയുടെ സംഘടനാ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചു. എന്തിന് മാറ്റി എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. വക്താവ് സ്ഥാനത്തെ കുറിച്ച് പാർട്ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
പാർട്ടിയുടെ പേരിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി എന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യം സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യർക്കെതിരെ നാല് ജില്ലാ പ്രസിഡന്റുമാർ പരാതി നൽകിയെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. കോട്ടായത്ത് രാവിലെ കോർ കമ്മിറ്റി യോഗവും ഉച്ചയ്ക്ക് സംസ്ഥാന ഭാരവാഹി യോഗവും ചേർന്നിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ‘പ്രഭാരി’, പ്രകാശ് ജാവ്ദേക്കറുടെ സാധ്യത്തിലായിരുന്ന യോഗം.
സംസ്ഥാന നേതൃത്വവുമായി നിലനിൽക്കുന്ന ദീർഘനാളായുള്ള അഭിപ്രായ ഭിന്നതകൾക്ക് ഒടുവിലാണ് യുവനേതാവ് സന്ദീപ് വാര്യർ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് പുറത്താകുന്നത്. വക്താവ് സ്ഥാനത്തുനിന്ന് സന്ദീപിനെ മാറ്റാനുള്ള കാരണം വ്യക്തമാക്കാൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ തയ്യാറായില്ല. നടപടി പാർട്ടിയുടെ സംഘടനാപരമായ ആഭ്യന്തര കാര്യമാണെന്നായിരുന്നു കെ.സുരേന്ദ്രന്റെ വിശദീകരണം. എന്നാൽ ഹലാൽ വിവാദത്തിൽ പാർട്ടി നേതൃത്വത്തിനെതിരായ നിലപാട് സ്വീകരിച്ചതും പാർട്ടി അനുമതി ഇല്ലാതെ ഫണ്ട് സ്വീകരിച്ചതുമാണ് സന്ദീപിനെതിരായ നടപടിക്ക് കാരണമെന്നാണ് സൂചന. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് സന്ദീപ് വാര്യർ വ്യക്തമാക്കി.
സന്ദീപ് വാര്യർക്കെതിരായ ആരോപണങ്ങൾ പാർട്ടി സ്ഥിരിക്കരിക്കുന്നില്ലെങ്കിലും നടപടി എടുത്തത്, പാർട്ടി കമ്മീഷൻ നടത്തിയ അന്വേഷണത്തിന് ശേഷമാണെന്നാണ് പുറത്തു വരുന്ന വിവരം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആണ് സന്ദീപിനെതിരായ പരാതി അന്വേഷിച്ചത്. വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതോടെ പാർട്ടിയിലെ സാധാരണ അംഗം മാത്രമായി സന്ദീപ് വാര്യർ.