പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പുകേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന തട്ടിപ്പു ഭീകരന്‍ നീരവ് മോദി വിഷാദ രോഗത്തിന് അടിമപ്പെട്ടതായി വാര്‍ത്തകള്‍. ഇന്ത്യയിലേക്ക് നാടുകടത്തിയാല്‍ താന്‍ ജീവനൊടുക്കുമെന്ന് നീരവ് ലണ്ടനിലെ കോടതിയില്‍ വ്യക്തമാക്കിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നീരവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. എട്ടുമാസമായി തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുകയാണ് നീരവ്. ഇത് അഞ്ചാം തവണയാണ് കോടതി നീരവിന് ജാമ്യം നിഷേധിക്കുന്നത്. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 9,100 കോടി രൂപ പറ്റിച്ചുവെന്നതാണ് കേസ്. അതേസമയം ജയിലില്‍ നീരവ് മൂന്ന് തവണ ക്രൂരമായ ആക്രമണത്തിന് ഇരയായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഏറ്റവും ഒടുവില്‍ ചൊവ്വാഴ്ച രണ്ടു തടവുപുള്ളികള്‍ അകാരണമായി നീരവിനെ മര്‍ദ്ദിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. അതേസമയം നാല് ദശലക്ഷം പൗണ്ട് ജാമ്യ തുക നല്‍കാമെന്ന് അഭിഭാഷകന്‍ പറഞ്ഞിട്ടും ജഡ്ജി ജാമ്യം നിഷേധിക്കുകയായിരുന്നു.