ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പിന്റെ ചുമതലയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ ശക്തമാക്കിയ പശ്ചാത്തലത്തിലാണ് രാജി. കേന്ദ്രമന്ത്രിസഭയില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും പുറത്തു വന്നാല്‍ മഹാരാഷ്ട്രയില്‍ പിന്തുണ നല്‍കാമെന്ന് എന്‍സിപി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സാവന്തിന്റെ രാജി എന്നാണ് ശിവസേനയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്ര നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്നായിരുന്നു ബി.ജെ.പി. വ്യക്തമാക്കിയത്. അതോടെ രണ്ടാമത്തെ വലിയകക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.
മുഖ്യമന്ത്രിസ്ഥാനം പങ്കുവെയ്ക്കുക അടക്കമുള്ള വിഷയങ്ങളില്‍ ശിവസേനയുമായി യോജിപ്പിലെത്താന്‍ കഴിയാതെ പോയതാണ് ബി.ജെ.പിക്ക് തലവേദനയായത്. 288 അംഗങ്ങളുള്ള നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 105 അംഗങ്ങളാണ് ബി.ജെ.പിക്ക് നിലവിലുള്ളത്. ശിവസേനയ്ക്ക് 56 എം.എല്‍.എമാരുണ്ട്.
അതേസമയം, ശിവസേന-എന്‍.സി.പി സഖ്യം രൂപീകരിച്ചാല്‍ മുഖ്യമന്ത്രിപദം ശിവസേനയും ഉപമുഖ്യമന്ത്രിസ്ഥാനം എന്‍.സി.പിയു പങ്കിടാനാണ് സാധ്യത.
ഇന്ന്(തിങ്കളാഴ്ച) വൈകുന്നേരം 7.30 വരെയാണ് ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപവത്കരണ അവകാശവാദം ഉന്നയിക്കാന്‍ സമയം ലഭിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് ഇനിയും എം.എല്‍.എമാരുടെ പിന്തുണ വേണ്ടതുകൊണ്ട് കോണ്‍ഗ്രസിന്റെ സഹായവും ശിവസേന തേടുന്നുണ്ട്.
