തെന്നിന്ത്യന്‍ സൂപ്പര്‍താരം അർജ്ജുന് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. അല്ലുവിന്റെ ഇന്‍സ്റ്റഗ്രാമിലെ ഫോളോവേഴ്‌സിന്റെ എണ്ണം 13 മില്യണ്‍ മുകളിലെത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ സൗത്ത് ഇന്ത്യന്‍ സിനിമ താരമാണ് അല്ലു അര്‍ജുന്‍. യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിജയ് ദേവരകൊണ്ടയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ അല്ലു അര്‍ജുന്റെ പിന്നില്‍ രണ്ടാമത്. 2020ല്‍ റിലീസ് ചെയ്ത റൊമാന്റിക് ആക്ഷന്‍ ഫാമിലി ഡ്രാമയായ ‘അങ്ങ് വൈകുണ്ഠപുരത്ത് (അല വൈകുണ്ഠപുരമുലൂ) എന്ന ചിത്രത്തോട് കൂടിയാണ് അല്ലുവിന്റെ ജനസ്വീകാര്യത കുത്തനെ കൂടിയത്. പൂജ ഹെഗ്‌ഡെ നായികയായ ചിത്രത്തില്‍ മലയാളി നടന്‍ ജയറാമും പ്രധാന വേഷത്തിലെത്തിയിരുന്നു.
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘പുഷ്പ’യാണ് അല്ലു അര്‍ജുന്റെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം. രണ്ട് ഭാഗങ്ങളിലായി റിലിസ് ചെയ്യുന്ന ചിത്രം ഹിന്ദി, മലയാളം, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. 2021 ക്രിസ്തുമസിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാറാണ്.