27.1 C
Kollam
Friday, March 29, 2024
HomeNewsമോദി ആവശ്യപ്പെട്ടു, അമിത് ഷാ അനുസരിച്ചു, മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ ടോപ് സീക്രട്ട് ഓപ്പറേഷന്‍ ഇങ്ങനെ....

മോദി ആവശ്യപ്പെട്ടു, അമിത് ഷാ അനുസരിച്ചു, മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ ടോപ് സീക്രട്ട് ഓപ്പറേഷന്‍ ഇങ്ങനെ….

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെ അഞ്ചാം നിലയിലെ അമിത് ഷായുടെ മുറിയിലും ലോക് കല്യാണ്‍ മാര്‍ഗിലെ നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലും തലേദിവസം നിര്‍ത്താതെ ഫോണുകള്‍ ചിലച്ചു കൊണ്ടിരുന്നു. മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയിടുക, ദേവേന്ദ്ര ഫട്‌നാവിസിനെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുക ഇതു രണ്ടും മാത്രമായിരുന്നു ബിജെപിയുടെ ലക്ഷ്യങ്ങള്‍. നീക്കങ്ങള്‍ അതീവ രഹസ്യമായിരിക്കണമെന്നായിരുന്നു മോദി അമിത്ഷാക്ക് നല്‍കിയ നിര്‍ദേശം. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലും ദില്ലിയിലും ഉളള ബിജെപിയുടെ ഉന്നത അധികാര കേന്ദ്രങ്ങള്‍ മാത്രം അറിഞ്ഞിട്ടുളളതായിരുന്നു ഈ കളി. ഫട്‌നാവിസിനെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതില്‍ തുടക്കത്തിലെ വിയോജിപ്പ് കാണിച്ചിരുന്ന അമിത്ഷായോട് മോദി പറഞ്ഞ ഒരേ ഒരു കാര്യം മഹാരാഷ്ട്ര നമുക്ക് നഷ്ടപ്പെടരുത് എന്നു മാത്രമായിരുന്നു. ഇതോടെ ബിജെപി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമാക്കി.

അങ്ങനെയാണ് മുഖ്യമന്ത്രി പദം ശിവസേനക്ക് വിട്ടു കൊടുക്കുന്നതില്‍ അതൃപ്തിയുള്ള അജിത് പവാറിനെ ചാക്കിലാക്കാനുള്ള ശ്രമം ബിജെപി തുടങ്ങുന്നതും. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യ ചര്‍ച്ചകള്‍ അന്ത്യഘട്ടത്തിലേക്ക് കടക്കവേ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ദില്ലിയില്‍ നിന്നും മുംബൈയിലേക്ക് പറന്നിറങ്ങി. പിന്നീട് രഹസ്യ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഈ സമയം ഫട്നാവിസ് നിരന്തരം അജിത് പവാറിനെ ബന്ധപ്പെട്ട് കൊണ്ടേയിരുന്നു. വെള്ളിയാഴ്ച രാത്രി വരെ വര്‍ളിയിലെ നെഹ്രു സെന്ററില്‍ നടന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായിരുന്ന അജിത് പവാറിനെ ഭൂപീന്ദര്‍ യാദവ് ബന്ധപ്പെട്ടു. മാത്രമല്ല ഉപമുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തു.

യോഗം കഴിഞ്ഞെത്തിയ അജിത് പവാര്‍ പുലര്‍ച്ചെ നാല് മണി വരെ ഫട്നാവിസുമായി ചര്‍ച്ച നടത്തി. ഒടുവില്‍ പിന്തുണയ്ക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്ന് ഓപ്പറേഷന്‍ വിജയിച്ചുവെന്ന് മനസ്സിലാക്കിയ ബിജെപി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊണ്ട് സവിശേഷാധികാരം വിനിയോഗിച്ച് രാഷ്ട്രപതി ഭരണം പിന്‍വലിപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. അങ്ങനെ ഒറ്റരാത്രി കൊണ്ട് ഭരണം തിരിച്ചു പിടിച്ചു കോണ്‍ഗ്രസിനേയും എന്‍സിപിയേയും ശിവസേനയേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു ബിജെപി.

- Advertisment -

Most Popular

- Advertisement -

Recent Comments