മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ദേവേന്ദ്രഫഡ്‌നാവിസിനു ഗവര്‍ണ്ണര്‍ നല്‍കിയ അനുമതിക്കെതിരെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു. ഫഡ്‌നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
കബില്‍ സിബലാണ് ശിവസേനയ്ക്കുവേണ്ടി ഹാജരായിരിക്കുന്നത്. ഗവര്‍ണര്‍ മാറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും സിബില്‍ വാദത്തില്‍ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം അനുവദിച്ച നടപടി ചോദ്യം ചെയ്തുള്ള വാദമാണ് സുപ്രീംകോടതി കേള്‍ക്കുന്നത്. രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന്റെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ അത് കോടതിക്ക് മുന്നിലുള്ള വിഷയം അല്ലെന്നു പ്രതികരിച്ചപ്പോഴാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം നല്‍കിയ ഗവര്‍ണറുടെ നടപടിയിലേക്ക് വാദം നീണ്ടത്. കര്‍ണാടക വിധി ചൂണ്ടിക്കാട്ടി ഇന്ന് തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നു കപില്‍ സിബല്‍ കോടതിയോട് ആവശ്യപ്പെട്ടു.
ബിജെപി എംഎല്‍എമാര്‍ക്കും ചില സ്വതന്ത്ര എംഎല്‍എമാര്‍ക്കും വേണ്ടി മുകുള്‍ റോത്തഗിയാണ് വാദത്തിനെത്തിയത്. അടിയന്തരമായി ഞായറാഴ്ച കേസ് പരിഗണിക്കുന്നതെന്തിനാണെന്ന റോത്തഗിയുടെ ചോദ്യത്തിന് അത് ചീഫ് ജസ്റ്റിസിന്റെ വിവേചനമാണെനായിരുന്നു മറുപടി. അതേസമയം, പറയുന്നതെല്ലാം സാങ്കേതിക കാര്യങ്ങള്‍ മാത്രമാണല്ലോ എന്നായിരുന്നു ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിഭാഷകരോട് കോടതി ചോദിച്ചത്.