സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നലെ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി അജിത് പവാര്‍. അജിത് പവാറിനോട് ഉപമുഖ്യമന്ത്രി പദവി രാജിവെക്കാന്‍ എന്‍.സി.പി നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
30 മിനിറ്റ് നേരമായിരുന്നു കൂടിക്കാഴ്ച . വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു അജിത് പവാര്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായത്.
ചര്‍ച്ചയ്ക്ക് ശേഷം അജിത് പവാര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കാണാനായി അദ്ദേഹത്തിന്റെ വസതിയിലേക്ക് തിരിച്ചിട്ടുണ്ട്. എന്‍.സി.പിയില്‍ നിന്ന് നാല് എം.എല്‍.എമാര്‍ മാത്രമാണ് ഇപ്പോള്‍ അജിത് പവാറിനൊപ്പമുള്ളത്.
അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത പ്രതീക്ഷിക്കാമെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍.സി.പി നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. അജിത് പവാറിന്റെ രാജിക്ക് എന്‍.സി.പി സമ്മര്‍ദ്ദം ചെലുത്തിയതായാണ് വിവരം ലഭിക്കുന്നത്. അങ്ങനെ എങ്കില്‍ അജിത് പവാറിന്റെ രാജി ഉടന്‍ പ്രതീക്ഷിക്കാമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
എന്നാല്‍ സുപ്രീം കോടതി വിധി തിരിച്ചടിയായില്ലെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. മഹാരാഷ്ട്രയില്‍ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ മുംബൈയില്‍ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തിരിക്കുകയാണ് ബിജെപി. അതേസമയം, ബി.ജെ.പി എങ്ങനെ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കുമെന്ന് കാത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍.