കോയമ്പത്തൂര്‍-സേലം ദേശീയപാതക്ക് സമീപം അവിനാശി മേല്‍പ്പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ഗരുഡ ബസില്‍ നിയന്ത്രണം വിട്ടു വന്ന കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 19 പേര്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പാലക്കാട് സ്വദേശിയായ ഹേമരാജിനെതിരെയാണ് മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി വണ്ടിയോടിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഉടന്‍ റദ്ദാക്കും.
സംഭവം നടന്ന ശേഷം ഓടി രക്ഷപ്പെട്ട ഇയാള്‍ എട്ട് മണിക്കൂറിന് ശേഷം പൊലീസില്‍ കീഴടങ്ങിയിരുന്നു. വാഹനത്തിന്റെ നിയന്ത്രണം പെട്ടെന്ന് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. പുലര്‍ച്ചെയായതിനാല്‍ ഡ്രൈവര്‍ ഉറങ്ങിപ്പോകാനുള്ള സാദ്ധ്യതയും പോലീസ് പരിശോധിച്ചുവരുന്നുണ്ട്. അപകട ശേഷം കീഴടങ്ങിയ ഇയാളെ ഇന്നലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.പരിക്കേറ്റ 25 പേരില്‍ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ പതിനൊന്നുപേരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഉദ്യോഗസ്ഥരും അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍പ്പെട്ട വ്യക്തികളുടെ സാധനസാമഗ്രികള്‍ ബന്ധുക്കള്‍ക്ക് സുരക്ഷിതമായി വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.