തിരുവനന്തപുരത്ത് ഇന്നലെ നടന്ന കെഎസ്ആര്‍ടിസി സമരത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷ്ണര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കി. ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്‌നവുമുണ്ടായ സാഹചര്യത്തിലാണ് പോലീസ് ഇടപ്പെട്ടത്. സ്വകാര്യ ബസിലെ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം നടക്കുന്ന സമയം പോലീസ് എത്തുന്നത്. ഒരു പോലീസ് ഡ്രൈവറും എസ്‌ഐയും മാത്രമാണ് സംഭവ സ്ഥലത്തെത്തിയത്. എന്നാല്‍ ഇവരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഒന്നടങ്കം കൈയേറ്റം ചെയ്തു. ഇതിനാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ തെളിവെടുപ്പിന് കൈമാറിയിട്ടുണ്ട്.
സമരത്തിനിടെ കുഴഞ്ഞു വീണ കടകം പള്ളി സ്വദേശി സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയില്ല. കൃത്യം 3.07 നാണ് കണ്‍ട്രോള്‍ റൂമില്‍ കുഴഞ്ഞു വീണുവെന്ന വിവരം എത്തിയത്. 3.14 ന് സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ച് ഒപിയെടുത്തതായും കമ്മീഷ്ണര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ സംഭവത്തില്‍ സ്വകാര്യ ബസിന് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നാണ് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന വിശദീകരണം. അതേസമയം, യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്തിയ കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കില്‍ സര്‍ക്കാര്‍ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ്. സമരത്തിന്റെ പേരില്‍ നടന്നത് വലിയ അക്രമമാണെന്നും നടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. സുരേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും.























