പാകിസ്താനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കാന്‍ ഹിന്ദു വിഭാഗക്കാരുടെ തീരുമാനം. തര്‍ക്കം പരിഹരിച്ച് മുന്നോട്ട് പോവാന്‍ മത നേതാക്കളും ഹിന്ദു വിഭാഗത്തിലെ അംഗങ്ങളും ശനിയാഴ്ച ചേര്‍ന്ന ചര്‍ച്ചയിലാണ് സംഭവം രമ്യതയില്‍ പരിഹരിച്ചത് .
ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ കുറ്റാരോപിതര്‍ ഹിന്ദു സമുദായത്തില്‍പ്പെട്ടവരോട് മാപ്പ് പറയുകയും, മുസ്ലിം മതപണ്ഡിതര്‍ അമ്പലത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് ഉറപ്പു കൊടുക്കുയും ചെയ്തു.
കഴിഞ്ഞ വര്‍ഷമാണ് പാകിസ്താനിലെ കാരക് ജില്ലയില്‍ ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ടത്. തീവ്ര മുസ്ലിം സംഘടനയില്‍പ്പെട്ട 26 പേരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്ര പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ത്ത് തീയിടുകയുമായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ പറഞ്ഞത്.
ഇസ്ലാമാബാദില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരുടെ ആരാധനയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. പാകിസ്താന്‍ മതവകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദ്രി ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് രംഗത്തു വന്നിരുന്നു.