കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടു വിലാപ യാത്ര തൃശൂർ പൊന്നിക്കര വീട്ടിലേക്ക് പുറപ്പെട്ടു.കോയമ്പത്തൂരിൽ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ഡൽഹിയിൽനിന്നു പ്രത്യേക വിമാനത്തിൽ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ എത്തിച്ചത്. ഇവിടെവച്ചു ടി.എൻ.പ്രതാപൻ എംപി ആദരാഞ്ജലി അർപ്പിച്ചു. ടി.എൻ.പ്രതാപനും കേന്ദ്രമന്ത്രി വി. മുരളീധരനും ആംബുലൻസിനെ സുലൂരിൽനിന്നു അനുഗമിച്ചു.
ദേശീപാതയുടെ ഇരുവശത്തും അന്ത്യോപചാരമർപ്പിക്കാൻ ദേശീയപതാകയുമായി നിരവധിപേർ കാത്തുനിന്നു. രാജ്യസ്നേഹം തുളുമ്പുന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നിരവധിപേരാണ് മണിക്കൂറുകളോളം വിലാപയാത്ര വരുന്ന വഴിയിൽ കാത്തുനിന്നത്.
സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് തൃശൂരിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. അതിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിൽ പൊതുദർശനം ഉണ്ടാകും.
മരണവിവരം അറിഞ്ഞയുടൻ പ്രദീപിന്റെ സഹോദരൻ പ്രസാദ് മൃതദേഹം ഏറ്റുവാങ്ങാൻ കോയമ്പത്തൂരിലേക്ക് പോയിരുന്നു.വ്യാഴാഴ്ച രാത്രിതന്നെ പ്രദീപിന്റെ ഭാര്യയെയും രണ്ടുമക്കളെയും പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചിരുന്നു. വെന്റിലേറ്ററിൽ കഴിയുന്ന പിതാവിനോട് പ്രദീപിന്റെ മരണവിവരം അറിയിച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണു വ്യോമസേനയിൽ ചേർന്നത്. പിന്നീട് എയർ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീർ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു.