വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയേക്കും. പ്രധാനമായും ദക്ഷിണാഫ്രിക്ക അടുത്തിടെ ആരംഭിച്ച ടി-20 ലീഗിൽ കളിക്കാനാവും ഇന്ത്യൻ താരങ്ങൾക്ക് ആദ്യ ഘട്ടത്തിൽ അനുമതി നൽകുക. ദക്ഷിണാഫ്രിക്ക ടി-20 ലീഗിലെ എല്ലാ ടീമും ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ ഫ്രാഞ്ചൈസികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ബിസിസിഐ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്തംബറിൽ ചേരുന്ന ബിസിസിഐയുടെ ജനറൽ ബോഡി യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
വിദേശ ലീഗുകളിൽ കളിക്കാൻ പുരുഷ താരങ്ങൾക്ക് അനുമതി നൽകിയാലും ബിസിസിഐയുമായി സെൻട്രൽ കോൺട്രാക്റ്റ് ഉള്ള പ്രമുഖ താരങ്ങൾക്ക് ഈ ആനുകൂല്യം കിട്ടിയേക്കില്ലെന്നാണ് സൂചന. അതേസമയം, സെൻട്രൽ കോൺട്രാക്ട് പട്ടികയിൽ ഇല്ലാത്ത യുവതാരങ്ങൾക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യും.നിലവിൽ വിരമിച്ച ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ വിദേശ ടി-20 ലീഗുകളിൽ കളിക്കാൻ അനുമതിയുള്ളൂ. ഇന്ത്യൻ വനിതാ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ അനുമതിയുണ്ട്.
അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. അവസാന ഓവർ വരെ നീണ്ട മത്സരത്തിലാണ് ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. വെസ്റ്റ് ഇൻഡീസിനെ മൂന്ന് റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
എന്നാൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്ന്ബാറ്റിംഗിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് 18 പന്തിൽ 12 റൺസെടുക്കാനേ സാധിച്ചുള്ളൂ. എങ്കിലും ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതിൽ വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന് വലിയ പങ്കുണ്ടായിരുന്നു. അവസാന ഓവറിൽ വൈഡ് ഫോറെന്നുറച്ച പന്താണ് സഞ്ജു തടഞ്ഞുനിർത്തിയത്. അത് ബൗണ്ടറിയായിരുന്നെങ്കിൽ വൈഡുൾപ്പെടെ വിൻഡീസിന് അഞ്ച് റൺ ലഭിക്കുമായിരുന്നു. പിന്നീട് ജയിക്കാൻ അവസാന രണ്ട് പന്തിൽ രണ്ട് മാത്രം മതിയാകുമായിരുന്നു.