26.7 C
Kollam
Tuesday, July 23, 2024
HomeRegionalCulturalമലയാള നാടക വേദിക്ക് എക്കാലവും വിസ്മയം; കലാകൗതുകത്തിന്റെ പശ്ചാത്തലം

മലയാള നാടക വേദിക്ക് എക്കാലവും വിസ്മയം; കലാകൗതുകത്തിന്റെ പശ്ചാത്തലം

മലയാള നാടക വേദിക്ക് എക്കാലവും സ്മരണീയനാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ. ഒരു പക്ഷേ, അദ്ദേഹത്തിന് പകരം വെയ്ക്കാൻ ഇനിയും മലയാള നാടക വേദിക്ക് അങ്ങനെയൊരു വ്യക്തിത്വം ഉണ്ടായിട്ടില്ലെന്ന് അസന്നിദ്ധമായി പറയേണ്ടിവരുന്നു! മലയാള നാടകത്തിന്റെ വേരുകൾ ആഴത്തിൽ ആഴ്ന്നിറങ്ങാൻ ഭാഗവതർ കാണിച്ച ധീരതയും സന്നദ്ധതയും വൈഭവവും മലയാള നാടകം ഉള്ള കാലത്തോളം മായുന്നതല്ല.കാരണം, അദ്ദേഹം സഹിച്ച സാഹസങ്ങൾ അത്രയേറെ വലുതാണ്.

അമ്പലപ്പുഴ താലൂക്കിൽ ആര്യാടു പ്രവർത്തിയിൽ കാഞ്ഞിരംചിറ മുറിയിൽ പൊളളയിൽ വിൻസന്റിന്റെയും മാർഗരീത്തയുടെയും രണ്ടാമത്തെ മകനായി 1901 ഫെബ്രുവരി 9-ാം തീയതി അത്തം നക്ഷത്രത്തിൽ ജനനം. പിതാവിന്റെ 55-ാം വയസിലാണ് ഭൂജാതനാകുന്നത്. ഭാഗവതർക്ക് സ്റ്റെല്ലാ, ലൈസാ എന്നീ സഹോദരിമാരും സേവ്യർ വിൻസന്റ് എന്ന സഹോദരനും കൂടെ പിറപ്പുകളായി. സഹോദരൻ സേവ്യർ വിൻസന്റാണ് പിൽക്കാലത്ത് പ്രശസ്ത ചലച്ചിത്രകാരനായ ആലപ്പി വിൻസൻറ് ആയത്.

1920 കാലഘട്ടത്തിൽ മലയാളക്കരയിൽ നാടക കമ്പനികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തമിഴ് നാട്ടിൽ നിന്നും നാടക സെറ്റുകാർ കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ ക്യാമ്പ് ചെയ്ത് നാടകങ്ങൾ നടത്തുകയായിരുന്നു. എന്നാൽ, അങ്ങുമിങ്ങും ചില നടൻമാർ ഉണ്ടായിരുന്നെന്നു മാത്രം. വല്ലപ്പോഴും ഇവരെച്ചേർത്ത് എന്തെങ്കിലും ഒരു നാടകം നടത്തി വിടുകയായിരുന്നു അന്നത്തെ പതിവ്.

മലയാളത്തിന് സ്വന്തമായി ഒരു നാടക വേദി ഇല്ലാത്തത് ഒരു വലിയ കുറവായിരുന്നു. അതിന്റെ പരിശ്രമം കുഞ്ഞുകുഞ്ഞു ഭാഗവതർ ശപഥം പോലെ ഏറ്റെടുക്കുകയായിരുന്നു.

ജ്ഞാനസുന്ദരി, പറുദീസാ നഷ്ടം, സത്യവാൻ സാവിത്രി, ശാകുന്തളം, അനാർക്കലി, അമൃത പുളിനം, മഗ്ദലന മറിയം, കരുണ തുടങ്ങിയ നാടകങ്ങൾ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ നടന വൈഭവത്തിന്റെ അനശ്വരതയാണ്.

മലയാള സിനിമയുടെ ആവിർഭാവത്തിലും ഭാഗവതരുടെ സാന്നിദ്ധ്യം എന്നും നിലനില്ക്കുന്നതാണ്.
ആദ്യമായി മലയാള സിനിമ റെക്കോഡ് ചെയ്തത് ഭാഗവതരുടെ പാട്ടുകളാണ്. ബാലൻ എന്ന ചിത്രത്തിൽ പത്ത് പാട്ടുകളാണ് അദ്ദേഹം പാടിയത്.
ജ്ഞാനാംബിക, ജീവിത നൗക, നവലോകം എന്നീ സിനിമകളിൽ ഭാഗവതർ അഭിനയിച്ചു.

ഭാര്യയുടെ മരണത്തോടെ കുഞ്ഞുകുഞ്ഞു ഭാഗവതർ നാടക രംഗത്ത് നിന്നും പിൻവാങ്ങി.

അര നൂറ്റാണ്ടുകാലത്തെ നാടക ജീവിതം ” ഒരു നടന്റെ ആത്മകഥ ” എന്ന പേരിൽ സാഹിത്യ പ്രവർത്തക സംഘം പ്രസിദ്ധീകരിച്ചു. ഇത് ഖണ്ഡശ്ശ:മായി പ്രസിദ്ധീകരിച്ചത് ” കേരളദ്ധ്വനി” യുടെ വാരാന്ത്യ പതിപ്പിലൂടെയായിരുന്നു.
1965 ൽ കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള കീർത്തി മുദ്ര നല്കി. 1982 ൽ ജോൺ പോൾ രണ്ടാമൻ പാപ്പ കുഞ്ഞുകുഞ്ഞു ഭാഗവതരെ ഷെവലിയർ സ്ഥാനം നല്കി ആദരിച്ചു. 1985 ജനുവരി 19 ന് ആ മഹാനായ കലാകാരന്റെ ജീവിത യവനികയ്ക്ക് തിരശ്ശീല വീണു.

ഈ വാക്കുകൾ, വാചകങ്ങൾ ഈ വലിയ കലാകാരന്റെ ചെറിയ ഒരു ഓർമ്മപ്പെടുത്തൽ മാത്രമാണ്. എത്രയെഴുതിയാലും നീണ്ടു കൊണ്ടേയിരിക്കുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് കുഞ്ഞുകുഞ്ഞു ഭാഗവതർ എന്ന് അനുസ്മരിക്കുമ്പോൾ, മലയാള നാടകവേദിയും മലയാള സിനിമാ രംഗവും ഒന്ന് പുനർ വിചിന്തനം നടത്തേണ്ടത് നീതി ബോധമാണെന്ന് കരുതുന്നു!

- Advertisment -

Most Popular

- Advertisement -

Recent Comments