25.5 C
Kollam
Friday, December 27, 2024
HomeNewsചരിത്രമായി; രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു

ചരിത്രമായി; രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ദ്രൗപദി മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങൾ പരസ്പരം മാറി.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികൾ, മൂന്നുസേനകളുടെയും മേധാവികൾ, പാർലമെന്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ആദിവാസിവിഭാഗത്തിൽനിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുർമു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകൾ ഇതിശ്രീ, മകളുടെ ഭർത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങൾ തുടങ്ങിയവരും സത്യപ്രതിജ്ഞച്ചടങ്ങിന് സാക്ഷ്യംവഹിച്ചു.

രാവിലെ 9.17-നാണ് ചടങ്ങുകൾ ആരംഭിച്ചത്. 10 മണിക്ക് വാഹനവ്യൂഹത്തിൽ പാർലമെന്റിന്റെ അഞ്ചാംനമ്പർ കവാടത്തിലെത്തിയ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയും ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കർ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് നീങ്ങി. ഉപരാഷ്ട്രപതിയും ലോക്സഭാസ്പീക്കറും ചീഫ് ജസ്റ്റിസും അനുഗമിച്ചു.

രാഷ്ട്രപതിയെ തിരഞ്ഞെടുത്തുകൊണ്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ അറിയിപ്പ് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വായിച്ചു.ചീഫ് ജസ്റ്റിസ് ദ്രൗപദി മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. രാംനാഥ് കോവിന്ദും ദ്രൗപദി മുർമുവും ഇരിപ്പിടം കൈമാറി. ചുമതലയിൽ ഒപ്പുവെക്കാനുള്ള രജിസ്റ്റർ പുതിയ രാഷ്ട്രപതിക്ക് സെക്രട്ടറി നൽകി. പുതിയ രാഷ്ട്രപതി ചുമതലയേറ്റ വിവരം രാഷ്ട്രപതിയുടെ അനുമതി നേടിയശേഷം ആഭ്യന്തരസെക്രട്ടറി പ്രഖ്യാപിച്ചു.

സത്യപ്രതിജ്ഞച്ചങ്ങനായി പാർലമെന്റിന്റെ പരിസരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. പാർലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധി നൽകിയിട്ടുണ്ട്. രാവിലെ ആറുമണിമുതൽ ഈ കെട്ടിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. പുതിയ പാർലമെന്റിന്റെ നിർമാണപ്രവർത്തനങ്ങളും തിങ്കളാഴ്ച താത്കാലികമായി നിർത്തിവെച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments