കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒരാള്‍ കൂടി പുറത്ത്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാണ് വനിതകളുടെ 4100 മീറ്റര്‍ റിലേയില്‍ പങ്കെടുക്കുന്ന താരങ്ങളിലൊരാള്‍ ഗെയിംസില്‍ നിന്നു പുറത്തായത്. താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതോടെ, ഉത്തേജക മരുന്ന് ഉപയോഗത്തിന് ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘത്തില്‍ നിന്ന് പുറത്തായവര്‍ മൂന്നായി.
ദ്യുതി ചന്ദ്, ഹിമ ദാസ്, എന്‍എസ് സിമി, ശ്രാബനി നന്ദ, ധനലക്ഷ്മി ശേഖര്‍, എംവി ജില്‍ന എന്നിവരാണ് ഇന്ത്യയുടെ 37 അംഗ അത്‌ലറ്റിക്‌സ് സംഘത്തിലെ സ്പ്രിന്റ് ഇനങ്ങള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. സംഘത്തില്‍ 36 പേര്‍ മതിയെന്ന് പിന്നീട് തീരുമാനിച്ചതിനെ തുടര്‍ന്ന് എംവി ജില്‍നയെ ടീമില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, പിന്നീട് നടന്ന ഉത്തേജക മരുന്ന് പരിശോധനയില്‍ ധനലക്ഷ്മി പോസിറ്റീവായി. തുടര്‍ന്ന് ധനലക്ഷ്മിയെ ടീമില്‍ നിന്നൊഴിവാക്കി ജില്‍നയെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.സ്പ്രിന്റര്‍ ധനലക്ഷ്മിയ്‌ക്കൊപ്പം ട്രിപ്പിള്‍ ജമ്പ് താരം ഐശ്വര്യ ബാബുവും നേരത്തെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. 24കാരിയായ ധനലക്ഷ്മിയുടെ രക്തത്തില്‍ നിരോധിക്കപ്പെട്ട സ്റ്റെറോയിഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.
ദ്യുതി ചന്ദ്, ഹിമ ദാസ്, ശ്രബനി നന്ദ എന്നിവര്‍ക്കൊപ്പം 4*100 മീറ്റര്‍ റിലേയിലും 100 മീറ്റര്‍ ഓട്ടത്തിലുമാണ് ഇവര്‍ മത്സരിക്കേണ്ടിയിരുന്നത്. അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റാണ് ധനലക്ഷ്മിയുടെ ടെസ്റ്റ് നടത്തിയത്. നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സിയാണ് ഐശ്വര്യയുടെ ടെസ്റ്റ് ചെയ്തത്. ട്രിപ്പിള്‍ ജമ്പിലും ലോങ് ജമ്പിലുമാണ് ഐശ്വര്യ മത്സരിക്കാനിരുന്നത്.