പിണറായി വിജയന്റെ ഏകാധിപത്യ ശൈലി പിന്തുടരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പാർട്ടിയിൽ പടപ്പുറപ്പാട് തുടങ്ങി. കാനത്തിന്റെ ശൈലിയിൽ രഹസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്ന വലിയൊരു വിഭാഗത്തിന്റെ പൊട്ടിത്തെറിയുടെ ബഹിർസ്ഫുരണമായിരുന്നു തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനം. 14 ജില്ലാ സമ്മേളനങ്ങളിൽ ആദ്യത്തെ സമ്മേളനത്തിൽ തന്നെ പ്രതിനിധികൾ കാനത്തിന്റെയും മുഖ്യമന്ത്രിയുടെയും ഏകാധിപത്യ ശൈലിയും സി.പി.എമ്മിന്റെ സമീപനത്തിനെതിരേയും രംഗത്തുവന്നത് കാനം വിരുദ്ധരുടെ ഉയർത്തെഴുന്നേൽപ്പിന്റെ സൂചനയായി. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ചുവട് പിടിച്ച് 13 ജില്ലാ സമ്മേളനങ്ങളിലും വിമർശനം ശക്തമാക്കാനാണ് കാനം വിരുദ്ധ പക്ഷത്തിന്റെ നീക്കം.
ഇതിനിടെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ച വിമര്‍ശനങ്ങൾക്ക് സംസ്ഥാന സെക്രട്ടറി നൽകിയ മറുപടിയെ ചൊല്ലി ഉൾപ്പാര്‍ട്ടി പോരും തുടങ്ങി. പാര്‍ട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ പോലും വെല്ലുവിളിക്കുന്നതാണ് കാനം രാജേന്ദ്രന്‍റെ നിലപാടെന്നതാണ് വിമര്‍ശനം. പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായ കടന്നാക്രമണം നേതൃത്വത്തിനും അപ്രതീക്ഷിതമായിരുന്നു.
വകുപ്പ് മന്ത്രിമാരുടെ പ്രവര്‍ത്തനത്തിൽ മുതൽ മുഖ്യന്ത്രിയുടെ ഇടപെടലിൽ വരെ നടന്നത് ഇഴകീറി പരിശോധന. പരിസ്ഥിതി പ്രശ്നങ്ങളിലും മുന്നണി സമീപനങ്ങളിലും നേതൃത്വം കേട്ടത് വലിയ വിമര്‍ശനം. ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി ചര്‍ച്ചയിൽ ഇത്രവലിയ ആക്രമണം കരുതിയിരുന്നില്ല സംസ്ഥാന നേതൃത്വം. ജില്ലാ സമ്മേളനങ്ങളിൽ ജില്ലാ സെക്രട്ടറി മറുപടി പറയുന്ന കീഴ്വഴക്കം മറികടക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായതു തന്നെ വിമര്‍ശനം തണുപ്പിക്കാനായിരുന്നു. രണ്ട് ദിവസം മുഴുവനായും പ്രതിനിധികളെ കേട്ട കാനം പറഞ്ഞ മറുപടിയാകട്ടെ എരി തീയിൽ എണ്ണയൊഴിക്കും പോലായി.
എംഎം മണിയുമായുള്ള തര്‍ക്കത്തിൽ ആനി രാജയെ കൈവിട്ടതിനെതിരെ കടുത്ത അതൃപ്തിയാണ് പ്രതിനിധികൾക്കുള്ളത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ എഐഎസ്എഫ് നേതാവ് നിമിഷ രാജുവിന്റെ ഭാഗത്താണ് തെറ്റെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ നേരത്തെയും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്നും അന്നൊന്നും എസ്ഇ എസ്ടി അട്രോസിറ്റി ആക്ടിലേക്ക് കാര്യങ്ങളെത്തിയിരുന്നില്ലെന്നും കൂടി കാനം ഓര്‍മ്മിപ്പിച്ചതോടെ പാര്‍ട്ടിക്കകത്ത് പ്രതിഷേധം നീറുകയാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായി പ്രതിനിധികൾ ഉന്നയിച്ച ഒരു പ്രശ്നത്തിനും മറുപടി പറയാതിരിക്കുക കൂടി ചെയ്തതോടെ തുടര്‍ സമ്മേളനങ്ങളിൽ പ്രതിനിധികളുടെ സ്വരം കടുക്കുമെന്ന് ഉറപ്പായി. പാർട്ടിയുടെ രാജ്യത്തെ ഏറ്റവും ശക്തമായ ഘടകമായ കൊല്ലത്ത് കൂടുതൽ പ്രകടമാകും.പത്തനംതിട്ട ജില്ലാ സമ്മളനങ്ങളിൽ ഇത് ശക്തയായി പ്രതിഫലിക്കും.
എന്നാൽ ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാന്‍റ് ചെയ്യുന്നതിനെതിരെ സിപിഐ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്റെ പ്രതികരണവും വിമർശിക്കപ്പെട്ടു.
സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികം മാത്രമാണെന്നും നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമർശിക്കാൻ കഴിയുമോ എന്നുമായിരുന്നു കാനം ചോദിച്ചത്.ജനങ്ങളിൽ നിന്ന് മാറി നടക്കുന്ന പിണറായി ശൈലിമുതൽ ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്‍റെ ബോധപൂവ്വമായ ശ്രമത്തിൽ വരെ വലിയ എതിർവികാരമാണ് സമ്മേളന പ്രതിനിധികളിൽ നിന്ന് ഉണ്ടായത്. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിർത്തണം. ഇടത് മുന്നണിയുടെ കെട്ടുറപ്പ് സിപിഐയുടെ മാത്രം ഉത്തരവാദിത്തമാകുന്നതിലെ അതൃപ്തിയും പൊതു ചർച്ചയിൽ പ്രതിനിധികള്‍ ഉന്നയിച്ചു.
സിപിഎം വിട്ട് സിപിഐയിലേക്ക് എത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന നിർദ്ദേശവും തിരുവനന്തപുരം സീറ്റ് തിരിച്ച് പിടിക്കാൻ പാർട്ടി നേതൃത്വം ശക്തിയായി ഇടപെടണമെന്ന ആവശ്യവും ചർച്ചയിലുയർന്നു. പരിസ്ഥിതി പ്രശ്നങ്ങളിലടക്കം പാർട്ടി നിലപാട് ദുർബലമാണ്. പാർട്ടി അംഗത്വം കൂടാത്തതിൽ ബ്രാഞ്ച് കമ്മിറ്റികൾക്ക് വീഴ്ചയുണ്ടെന്ന് പ്രവർത്തന റിപ്പോർട്ട് വിലയിരുത്തി. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകൾ ശക്തമാക്കാനും ബ്രാഞ്ച് കമ്മിറ്റികൾ തയ്യാറാകണമെന്നാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം. കാനം നേതൃത്വത്തിൽ എത്തിയതു മുതൽ മുതിർന്ന നേതാക്കളായ കെ. ഇ ഇസ്മായിൽ, സി ദിവാകരൻ തുടങ്ങിയവർ പൂർണമായും പാർശ്വവൽക്കരിക്കപ്പെട്ട അവസ്ഥയിലാണ്. ദേശീയ തലത്തിലെ മുതിർന്ന നേതാവായ ബിനോയ് വിശ്വമാകട്ടെ പലപ്പോഴും തന്റെ അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ മധ്യകാലം മുതൽ കാനം തുടരുന്ന മൗനം പാർട്ടിയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. സി.പി.എം സർക്കാരിൽ വരുത്തി വച്ച പല വിവാദങ്ങളിലും സി.പി.ഐ കൂടി മറുപടി പറയേണ്ട അവസ്ഥയിലായിരുന്നു. വരുന്ന സംസ്ഥാന സമ്മേളനത്തിൽ കാനത്തിന് പിൻഗാമിയെ കണ്ടെത്താനുള്ള നീക്കം ജില്ലാ സമ്മേളനങ്ങളിൽ നിന്നും ഒരുത്തിരിയുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.