പാര്‍ലമെന്‍റില്‍ പ്ളക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചതിന് സസ്പെന്‍ഷനിലായ എംപിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും ഇന്ന് തടസ്സപ്പെട്ടു. ടി എന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് എംപിമാരെ നടപ്പ് സമ്മേളന കാലാവധി തീരും വരെയാണ് ലോക്സഭ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ ഇന്നും നടുത്തളത്തിലിറങ്ങി, എന്നാല്‍ പ്ളക്കാര്‍ഡുകളുയര്‍ത്തിയുള്ള പ്രതിഷേധം ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തിലാണ് ഇരു സഭകളും ഇന്ന് നിര്‍ത്തിവച്ചത്.
ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ ഇന്നലെയാണ് സ്പീക്കർ സസ്പെന്റ് ചെയ്തത്. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് സസ്പെന്റ് ചെയ്തത്.