29 C
Kollam
Sunday, December 22, 2024
HomeMost Viewedദേശീയപാത വികസനത്തിൽ പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നു; മുഖ്യമന്ത്രി

ദേശീയപാത വികസനത്തിൽ പ്രതിസന്ധികളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നു; മുഖ്യമന്ത്രി

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പല തരത്തില്‍ വരുന്ന പ്രയാസങ്ങളെ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ദേശീയപാത വികസനത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് (എന്‍എച്ച് 966), കൊച്ചി, മൂന്നാര്‍, തേനി (എന്‍എച്ച് 85), കൊല്ലം, ചെങ്കോട്ട (എന്‍എച്ച് 744) ദേശീയപാതകളുടെ വികസനം ദേശീയ പാത അതോറിറ്റിയുടെ പരിഗണനയില്‍ വന്നതുതന്നെ സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ്. തലസ്ഥാനനഗരത്തിന്റെ വികസനത്തിന് വലിയ തോതില്‍ ഉതകുന്ന തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചുകിട്ടിയതും ദേശീയപാതാവികസനത്തിലെ നിര്‍ണ്ണായകനേട്ടമാണ്.

ദേശീയപാത 66ന്റെ വികസനത്തിനായി 1081 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതില്‍ 1065 ഹെക്ടര്‍ ഏറ്റെടുത്തുകഴിഞ്ഞു. 98.51 ശതമാനം ഭൂമി ഏറ്റെടുക്കലാണ് പൂര്‍ത്തിയാക്കിയത്. 2020 ഒക്ടോബര്‍ 13 ന് ദേശീയപാതാ 66ന്റെ ഭാഗമായുള്ള 11,571 കോടിയുടെ ആറ് പദ്ധതികളാണ് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ആകെ 21,940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് തയ്യാറാക്കിയത്. 2022 ജൂലൈ 16 ന്റെ കണക്കനുസരിച്ച് 19,878 കോടി രൂപ വിതരണം ചെയ്തു. ദേശീയപാത 66ലെ 21 റീച്ചിലെ പ്രവൃത്തിയാണ് നടത്തേണ്ടത്. ഇതില്‍ 15 റീച്ചില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. ആറ് റീച്ചില്‍ അവാര്‍ഡ് ചെയ്ത് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അരൂര്‍ തുറവൂര്‍ സ്‌ട്രെച്ചില്‍ എലവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനുള്ള ഡിപിആറും തയ്യാറാക്കുന്നുണ്ട്. 5580 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കലിനായി ഇതുവരെ ചെലവഴിച്ചത്. ഇത്രയും തുക സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ ദേശീയപാതാ വികസനം അനന്തമായി നീണ്ടുപോകുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്. പരമാവധി നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. ദേശിയപാതയില്‍ 125 കിലോമീറ്റര്‍ ഒരു വര്‍ഷത്തിനകം വികസനം പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കും എന്നാണ് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കിയിട്ടുള്ളത്. കഴക്കൂട്ടം ഫ്‌ളൈ ഓവര്‍ ഒക്ടോബറില്‍ തുറക്കാന്‍ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാഹിതലശ്ശേരി ബൈപാസ്, മൂരാട് പാലം എന്നിവ അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാകും. നീലേശ്വരം റെയില്‍വേ ഓവര്‍ബ്രിഡ്ജ് തുറക്കുന്ന സമയം പെട്ടെന്നുതന്നെ അറിയിക്കാനാകുമെന്നും അതോറിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments