അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ നിയമ സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഉള്ള സർക്കാർ തീരുമാനത്തോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യോജിച്ചു. ഇതേ തുടർന്ന് ഓർഡിനൻസുകൾ രാജ്ഭവൻ സർക്കാരിലേക്ക് തിരിച്ചയച്ചു. ഇനി നിയമ സഭയിൽ ബിൽ പാസാക്കിയാൽ ഗവർണർ ഒപ്പിടും എന്നാണ് സർക്കാർ പ്രതീക്ഷ. സർക്കാരുമായുള്ള പോരിനിടെ ദില്ലിയിലായിരുന്ന ഗവർണർ ഇന്നു തലസ്ഥാനത്തു മടങ്ങി എത്തും.
ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്‍റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ ഗവർണർ സർക്കാരിന് തിരിച്ചു നൽകി. ബിൽ തയാറാക്കാനാണ് ഓർഡിനൻസുകൾ മടക്കി നൽകിയത്.
ഗവർണറുടെ കടും പിടുത്തത്തെ തുടർന്ന് അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ ഇന്നലെ രാവിലെ തീരുമാനിച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സർക്കാർ സമ്മേളനം വിളിക്കാൻ നീക്കം തുടങ്ങിയത്. ഓർഡിനൻസ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ്ഭവൻ സർക്കാറിലേക്ക് തിരിച്ചയച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഓർഡിനൻസ് പുതുക്കി ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബിൽ കൊണ്ടുവരാൻ സഭ ചേരാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനമാണ് വൈകീട്ട് ഗവർണർ അംഗീകരിച്ചത്.