രാഖി പൂർണിമ പൂജയെ ചൊല്ലിയുള്ള കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. ഹൗറ എംസി ഘോഷ് ലെയ്നിൽ ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. മാധബി (58), ദേബാഷിസ് (36), ഭാര്യ രേഖ (31), ഇവരുടെ 13 വയസ്സുകാരി മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂട്ടക്കൊലയിൽ കുടുംബത്തിലെ ഇളയ മകന്റെ ഭാര്യ പല്ലബി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഭർത്താവ് ഒളിവിലാണ്. കൂട്ടുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ച കഠാര പൊലീസ് പിടിച്ചെടുത്തു.കൊല്ലപ്പെട്ട ദേബാഷിസും ഭാര്യയും മകളും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാത്രി 10.30 ഓടെ വീട്ടിൽ രാഖി പൂർണിമ ആഘോഷിക്കുന്നതിനെ ചൊല്ലി കുടുംബാംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. താഴത്തെ നിലയിലെ കക്കൂസിൽ ടാപ്പ് തുറന്നിരിക്കുന്നതായി പല്ലബി കണ്ടതോടെ സ്ഥിതിഗതികൾ വഷളായി.
ഇത്തരത്തിൽ വെള്ളം പാഴായിപ്പോകുന്നത് മൂലം തങ്ങൾക്ക് പലപ്പോഴും ജലക്ഷാമം അനുഭവപ്പെടുന്നതായി അമ്മായിയമ്മയോട് പരാതിപ്പെട്ടു. തർക്കം രൂക്ഷമായതോടെ പല്ലബി ദേഷ്യത്തിൽ കഠാര എടുത്ത് അമ്മായിയമ്മയെ കുത്തുകയായിരുന്നു. ദേബാഷിസും ഭാര്യയും മകളും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോൾ അവർ അവരെയും കുത്തുകയായിരുന്നു. കഴുത്തിലും തോളിലും നെഞ്ചിലും കൈയിലുമാണ് കുത്തേറ്റത്. നാല് പേരെയും കൊലപ്പെടുത്തിയതായി പല്ലബി പൊലീസിനോട് സമ്മതിച്ചു.
താൻ മാനസിക രോഗത്തിനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് അവൾ പോലീസിനോട് പറഞ്ഞു. യുവതിക്ക് മാനസിക രോഗമുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് ഡോക്ടർമാരുമായി കൂടിയാലോചന നടത്തിവരികയാണ്. പല കാര്യങ്ങളിലും തങ്ങൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കുടുംബം അധികം ആളുകളുമായി ഇടപഴകിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.