ഇന്ന് ഉപരോധ സമരത്തിന്റെ 12-ാം ദിനം. സമരം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ലത്തീൻ അതിരൂപത. സമരത്തെ തുടർന്ന് ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിൽ സമരസമതി ഇന്നലെ യോഗം ചേർന്നിരുന്നു.
തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം എന്നാവശ്യം അംഗീകരിക്കും വരെ സമരത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടൽ സമരവുമായി മുന്നോട്ട് പോകും.ഉപരോധ സമരത്തിന്റെ 12-ാം ദിനമായ ഇന്ന് സെന്റ് ആൻഡ്രൂസ്, ഫാത്തിമാപുരം, പുത്തൻത്തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് സമര സ്ഥലത്ത് ഇന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും.
മുഖ്യമന്ത്രിയുമായി ലത്തീൻ അതിരൂപത നടത്തിയ ചർച്ചയും ഫലം കാണാതതോടെ സമരത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കവും
സർക്കാർ ആലോചിക്കുന്നുണ്ട്.
വിഴിഞ്ഞം അതിജീവന സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും ഇത് നിലനിൽപ്പിന്‍റെ പ്രശ്നം ആണെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സമരത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ പൊലീസ് നോക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അതേ പടി അംഗീകരിക്കാനാകില്ല. ഇവിടെ ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല. കോടതികളും കണ്ണ് തുറന്ന് കാണണം. കോടതികൾ കുറേകൂടി മനുഷികമായി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.