കോടിയേരിക്ക് പകരം എം.വി ഗോവിന്ദൻ സെക്രട്ടറിയായതോടെ,ഇനി മന്ത്രിസഭാ പുനസംഘടനയാണ് ലക്ഷ്യം.രണ്ടാം ഇടത് സർക്കാരിൽ മന്ത്രിസഭാ പുനസംഘടനക്ക് സാധ്യത തെളിയുന്നു. സജി ചെറിയാൻ, എംവി ഗോവിന്ദൻ എന്നിവർക്ക് പകരമായി രണ്ട് മന്ത്രിമാർ പുതിയതായി വന്നേക്കുമെന്നാണ് ഏറ്റവും ഒടുവിൽ വരുന്ന സൂചന.
എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടതിനാൽ ഒഴിവ് വന്ന തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പിലേക്കും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ഒഴിയേണ്ടി വന്ന സജി ചെറിയാന് പകരക്കാരനായി സാംസ്ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക. വിഷയം വിപുലമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സിപിഎം, 15 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. ഓണത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.