26.1 C
Kollam
Wednesday, November 20, 2024
HomeNewsപാക്കിസ്ഥാനിൽ പ്രളയം; 982 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

പാക്കിസ്ഥാനിൽ പ്രളയം; 982 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

പാക്കിസ്ഥാനിൽ പ്രളയത്തിൽ 982 പേര്‍ മരിച്ചുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. പ്രളയം മൂന്നരക്കോടി പേരെയാണ് ബാധിച്ചത്. വെള്ളപ്പൊക്കം മൂലമുണ്ടായ കെടുതിയിൽ 1456 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പ്രളയബാധിത മേഖലയിൽ സൈന്യത്തെ വിന്യസിച്ചിരിക്കകയാണ്.

3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും ഏഴ് ലക്ഷത്തോളം വീടുകളും ഒലിച്ചുപോവുകയോ നശിക്കുകയോ ചെയ്തതായി പാകിസ്ഥാൻ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. പാക്കിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.

നിലവിൽ രാജ്യത്തിന്റെ പകുതിയിലധികം വെള്ളത്തിനടിയിലാണ്. അസാധാരണമായ മൺസൂൺ മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്തിന്റെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി എന്നാണ് പാക്കിസ്ഥാന മാധ്യമമായ ഡോൺ റിപ്പോർ‌ട്ട് ചെയ്യുന്നത്. ശക്തമായ മഴയിൽ 57 ലക്ഷത്തിലധികം ആളുകൾ വീട് ഉപേക്ഷിച്ച് പോയി.

ഖൈബർ-പഖ്തൂൺഖ്‌വ, ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിൽ തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. റോഡുകളും പാലങ്ങളും തകരുകയും കൃഷിനാശവും കന്നുകാലി നാശവും ഉണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. സിന്ധിലും ബലൂചിസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശങ്ങളിലെ പല സ്ഥലങ്ങളിലും പാക്ക് റെയിൽവേ പ്രവർത്തനം നിർത്തിവച്ചു.മോശം കാലാവസ്ഥയെ തുടർന്ന് വെള്ളിയാഴ്ച ബലൂചിസ്ഥാൻ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്കുള്ള വിമാനങ്ങൾ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് നിർത്തിവച്ചു.

യുഎൻ സെൻട്രൽ എമർജൻസി റെസ്‌പോൺസ് ഫണ്ട് ഇതിനകം 3 മില്യൺ ഡോളർ പാക്കിസ്ഥാനായി അനുവദിച്ചിട്ടുണ്ട്.
കനത്ത മഴയിൽ ഓഗസ്റ്റ് 30 ചൊവ്വാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിൽ കൂടുതൽ മഴ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ദുരന്തത്തിൽ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ് ഏറ്റവുമധികം നാശം വിതച്ചത്. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലേക്കുള്ള വിമാനങ്ങൾ നിർത്തിവച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments