വിഴിഞ്ഞം തുറമുഖ കവടത്തിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം. സമരപ്പന്തൽ പൊളിച്ചു നീക്കാൻ ഇന്ന് സമയപരിധി നിശ്ചയിച്ചാണ് സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ഉത്തരവ് ഇറക്കിയത്. ക്രമസമാധാന പ്രശ്‌നവും നിർമാണ പ്രവർത്തങ്ങൾ തടസ്സപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. സമര പന്തൽ പൊളിച്ചുനീക്കിയില്ലെങ്കിൽ, 30ന് സമരപ്രതിനിധികൾ ഹാജരാകണം എന്നും ഉത്തരവിൽ ഉണ്ട്.
എന്നാൽ സമരപ്പന്തൽ പൊളിക്കില്ലെന്നും, സർക്കാർ തന്നെ പൊളിക്കട്ടെ എന്നുമാണ് സമരസമിതിയുടെ നിലപാട്.
അതേസമയം സമരം പൊളിക്കാൻ പല ഇടപെടലുകളും നടക്കുന്നുണ്ടെന്ന് സമരസമിതി പ്രതികരിച്ചു. കോടതിയുടെ മുമ്പിലുള്ള കാര്യത്തിൽ പെട്ടെന്ന് ഉത്തരവ് വേണ്ടിയിരുന്നോ എന്ന് അറിയില്ല. തങ്ങളുടെ ഭാഗം ജില്ലാ ഭരണകൂടത്തെ അറിയിക്കുമെന്നും സമരപ്പന്തലിൽ നിയമലംഘനങ്ങൾ നടക്കുന്നില്ല എന്നും ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കൾ പ്രതികരിച്ചു.