26.2 C
Kollam
Friday, November 15, 2024
HomeNewsകോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു; ചെന്നൈ അപ്പോളോ ആശുപത്രിയിൽ

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു; ചെന്നൈ അപ്പോളോ ആശുപത്രിയിൽ

മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു. കർക്കശക്കാരായ കമ്യൂണിസ്റ്റുകൾക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്‍റെ കാൽപാടുകളായിരുന്നു കോടിയേരിയുടെ പടവുകൾ.

കേരള രാഷ്ട്രീയത്തിൻ്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണൻ്റെ വേർപാട്. കണ്ണൂരിൽ നിന്നും യാത്ര തുടങ്ങിയാൽ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാൽ കോടിയേരി ആയിരുന്നു. കണ്ണൂരിൽ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയിൽ എത്തുന്നതിലും, ഒടുവിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണൻ വിജയന്‍റെ തുടർച്ചയായി.

ഓണിയൻ സ്കൂളിൽ എട്ടാംക്ലാസ് മുതൽ കോടിയേരി കൊടിപിടിച്ച് തുടങ്ങിയിരുന്നു.19 വയസ്, ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാകുന്നത്. അടിയന്തരാവസ്ഥാ കാലത്ത് അന്നത്തെ പ്രമുഖർക്കൊപ്പമുള്ള ജയിൽക്കാലം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പരിശീലന കളരിയായി. ഇരുപതാം വയസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതോടെ കോടിയേരിയും കണ്ണൂരും കടന്ന് ബാലകൃഷ്ണൻ വളർന്നു. 1982 ൽ തലശേരി എംഎൽഎ. തോൽവിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്ക്. 90ൽ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറി.അന്ന് മുതൽ ഇങ്ങോട്ട് കോടിയേരി പിന്നിൽ പോയിട്ടില്ല . സഭക്ക് അകത്തും
പുറത്തും.

1982, 1987, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ തലശേരിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. 2001ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006ല്‍ വി.എസ്. മന്ത്രിസഭയില്‍ ആഭ്യന്തരടൂറിസം വകുപ്പ് മന്ത്രി. 2008ല്‍ 54ാം വയസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും 2015ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
വിഭാഗീയതയുടെ കനലുകള്‍ അപ്പോഴേക്കും അണഞ്ഞുതുടങ്ങിയിരുന്നു. പിണറായി പ്രവര്‍ത്തനം പാര്‍ലമെന്ററി രംഗത്തേക്കു മാറ്റിയപ്പോള്‍ പാര്‍ട്ടിയെ കോടിയേരി നയിച്ചു. 2018ല്‍ വീണ്ടും സെക്രട്ടറി പദത്തില്‍.

2019ല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കോടിയേരിയെ അലട്ടിത്തുടങ്ങി. ഇതിനിടയില്‍ത്തന്നെയായിരുന്നു മക്കളുടെ പേരിലുള്ള വിവാദങ്ങളും. മകന്റെ അറസ്റ്റിലേക്കുവരെ വിവാദം വളര്‍ന്നു.2020 നവംബര്‍ 13ന് സെക്രട്ടറിപദത്തില്‍നിന്ന് സ്വമേധയാ അവധിയെടുത്തു. അങ്ങനെ ഇടക്കാലത്ത് എ.വിജയരാഘവനെ ആക്ടിങ് സെക്രട്ടറിയായി ചുമതലയേല്‍പിച്ചു. പക്ഷേ, ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ ചുമതല കോടിയേരിക്കു തന്നെയായിരുന്നു. എതിരാളികള്‍ക്കുപോലും സ്വീകാര്യമായ നയതന്ത്രം തന്നെയായിരുന്നു പാര്‍ട്ടിയിലും കേരള രാഷ്ട്രീയത്തിലും കോടിയേരിക്ക് വലിയ സ്വീകാര്യത നല്‍കിയത്.

ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമായ കോടിയേരി സെക്രട്ടറി പദത്തിലേക്ക് തന്നെ തിരിച്ചെത്തി. എന്നാല്‍ ഇപ്പോള്‍ ആരോഗ്യസ്ഥിതി അനുവദിക്കാതെ വന്നതോടെ അദ്ദേഹം സ്വയം മാറാനുള്ള താത്പര്യം പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. സിപിഐഎം നേതാവും തലശേരി മുന്‍ എംഎല്‍എയുമായ എം.വി.രാജഗോപാലിന്റെ മകള്‍ എസ്.ആര്‍.വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, ബിനീഷ്. മരുമക്കള്‍: ഡോ.അഖില, റിനീറ്റ. പേരക്കുട്ടികള്‍ ആര്യന്‍ ബിനോയ്, ആരുഷ് ബിനോയ്, ഭദ്ര ബിനീഷ്.

വി. എസ്-പിണറായി പോരിൽ
വിഎസുമായി കലഹിക്കാത്ത കോടിയേരി

വി. എസ്-പിണറായി പോരിൽ വിഎസുമായി കലഹിക്കാത്ത കോടിയേരി എന്നും സൗമ്യതയുടെ ആൾരൂപമായിരുന്നു.
പിണറായി വിജയനും വി എസ് അച്യുതാനന്ദനും രണ്ടുദിശയില്‍ സഞ്ചരിച്ച കാലത്ത് സംശയമില്ലാതെ പിണറായിക്കൊപ്പമായിരുന്നു കോടിയേരി. പക്ഷേ, ഒരിക്കല്‍ പോലും വിഎസുമായി കലഹിച്ചില്ല. വിഎസും പിണറായി വിജയനും പോലും അച്ചടക്ക നടപടികള്‍ നേരിട്ടപ്പോള്‍ കോടിയേരിക്കെതിരേ ഒരിക്കലും പാര്‍ട്ടി നടപടികളും ഉണ്ടായില്ല.

1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സമിതിയിലേക്ക്. അന്ന് സംസ്ഥാന സെക്രട്ടറി വി.എസ്. 2015ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി. അന്ന് വി എസ് ആലപ്പുഴ സംസ്ഥാന സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിക്ക് പൂര്‍ണ പിന്തുണ. അതിനു മുന്‍പ് 2008ല്‍ കോടിയേരിയുടെ പേര് പോളിറ്റ് ബ്യൂറോയിലേക്കു നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ഒരെതിര്‍പ്പുമില്ലാതെ വിഎസ് അംഗീകരിച്ചു. ഒരു പതിറ്റാണ്ടിനിടെ സംസ്ഥാന സിപിഐഎമ്മിലെ ആദ്യ സംഭവം.മുഖ്യമന്ത്രിയായിരുന്ന വിഎസുമായി ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ കലഹിച്ചപ്പോഴും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനുമായി ഒരിടര്‍ച്ചപോലും ഉണ്ടായില്ലെന്നതും ചരിത്രം.

കലഹിക്കാന്‍ പോലും ഒരു സൗഹൃദത്തിന്റെ വഴി ഉണ്ടായിരുന്നു കോടിയേരിക്ക്. പിണറായി വിജയനെ പിന്‍തുടര്‍ന്നു കെഎസ്എഫിലൂടെ വന്നതു നാലുപേരാണ്. എം എ ബേബി, ജി സുധാകരന്‍, എ കെ ബാലന്‍, കോടിയേരി. ഇവരില്‍ എം എ ബേബി മാത്രമായിരുന്നു പ്രായം കൊണ്ടു ചെറുപ്പം. എന്നാല്‍ ഉന്നത പാര്‍ട്ടിപദവികളെല്ലാം ഇവരില്‍ ആദ്യം എത്തിയത് കോടിയേരിയിലാണ്.

അടിയന്തരാവസ്ഥയില്‍ ജയിലിലാകുമ്പോള്‍ 22 വയസ്സുമാത്രമായിരുന്നു കോടിയേരിക്ക്. പിണറായി വിജയന്‍, ഇമ്പിച്ചിബാവ, വി വി ദക്ഷണാമൂര്‍ത്തി, എം പി വീരേന്ദ്രകുമാര്‍, ബാഫക്കി തങ്ങള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു 16 മാസം കണ്ണൂര്‍ ജയിലില്‍. സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രമല്ല ജനാധിപത്യത്തിലും കോടിയേരി സ്വന്തമായൊരു പ്രവര്‍ത്തന ശൈലി ഉണ്ടാക്കി.

- Advertisment -

Most Popular

- Advertisement -

Recent Comments