27.8 C
Kollam
Saturday, December 21, 2024
HomeNewsമ്യാൻമറിൽ സായുധ സംഘത്തിന്‍റെ തടവിലായിരുന്ന ഇന്ത്യക്കാർ;അവരിൽ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു

മ്യാൻമറിൽ സായുധ സംഘത്തിന്‍റെ തടവിലായിരുന്ന ഇന്ത്യക്കാർ;അവരിൽ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു

മൂന്നാഴ്ചയായി മ്യാൻമറിൽ സായുധ സംഘത്തിന്‍റെ തടവിൽ കഴിയുന്ന ഇന്ത്യക്കാരിൽ 16 പേരെ രക്ഷിച്ച് തിരികെയെത്തിച്ചു. രക്ഷപ്പെട്ടവരിൽ 13 പേർ തമിഴ്നാട് സ്വദേശികളാണ്. തടവിലാക്കിവച്ചിരിക്കുന്നവരെ അതിക്രൂരമായ പീഡനത്തിനാണ് അക്രമിസംഘം ഇരയാക്കുന്നതെന്ന് തിരികെയെത്തിയവർ പറഞ്ഞു. മലയാളികളടക്കം മുന്നൂറോളം പേരാണ് മ്യാൻമറിൽ തടവിൽ കഴിയുന്നത്.

മ്യാൻമറിൽ നിന്ന് വിമാനത്തിൽ ദില്ലിയിലെത്തിച്ച 13 തമിഴ്നാട് സ്വദേശികളെ ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മറ്റ് മൂന്നുപേർ. തമിഴ്നാട് വഖഫ് പ്രവാസികാര്യ വകുപ്പ് മന്ത്രി സെഞ്ചി മസ്താൻ സ്വീകരിച്ചു. ക്രൂരമായ പീഡനത്തിനാണ് ബന്ദികളായിരിക്കെ തങ്ങളെ വിധേയരാക്കിയതെന്ന് രക്ഷപ്പെട്ടെത്തിയവർ പറഞ്ഞു. 16 മണിക്കൂർ വരെ വിശ്രമമില്ലാതെ പണിയെടുപ്പിച്ചു. എതിർത്തവരെ ക്രൂരമായ മർദ്ദനത്തിന് വിധേയരാക്കി, ഭക്ഷണം നിഷേധിച്ചു.

ഡാറ്റ എൻട്രി ജോലിക്കെന്ന പേരിൽ മ്യാൻമറിൽ എത്തിച്ച ഇവരെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാനാണ് ഉപയോഗിച്ചിരുന്നത്. മലയാളികളായ 30 പേരടക്കം മുന്നൂറോളം പേർ ഇപ്പോഴും സംഘത്തിന്‍റെ തടവിലാണ്. കഴിഞ്ഞ ദിവസം മ്യാൻമറിലെ മ്യാവഡി എന്ന സ്ഥലത്ത് മൂന്ന് മലയാളികളടക്കം തടവിലുണ്ടായിരുന്ന ആറ് പേർ മ്യാൻമർ പൊലീസിന്‍റെ പിടിയിലായിരുന്നു. പൊലീസ് സ്റ്റേഷനുമുമ്പിൽ അക്രമിസംഘം ഇറക്കിവിട്ട ഇവരെ വീസ നിയമങ്ങൾ ലംഘിച്ചു എന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഇപ്പോഴത്തെ നിലയെന്തെന്ന കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.

- Advertisment -

Most Popular

- Advertisement -

Recent Comments