കേരള പൊലീസിലുള്ളവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ എന്‍ ഐ എ തള്ളി. കേരള പൊലീസിലെ ഉദ്യോഗസ്ഥരോട് ഇക്കാര്യം വ്യക്തമാക്കിയെന്നും എന്‍ ഐ എ വൃത്തങ്ങള്‍ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള 45 പേരെ മാത്രമാണ് ഏജന്‍സി ഇതുവരെ അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്തത് അഞ്ച് ലക്ഷത്തില്‍ താഴെ രൂപമാത്രം. സാമ്പത്തിക ഇടപാടില്‍ അന്വേഷണം തുടരുകയാണെന്നും എന്‍ ഐ എ വ്യത്തങ്ങള്‍ വ്യക്തമാക്കി. ദില്ലിയില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ 19 പേരില്‍ 16 പേരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് പേര്‍ ഒക്ടോബര്‍ 10 വരെ എന്‍ ഐ എ കസ്റ്റഡിയില്‍ തുടരും. അതസമയം പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്‍കുന്നത് പരിശോധിക്കാന്‍ കേന്ദ്രം ട്രൈബ്യൂണലിനെ നിയമിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബര്‍ 28 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടര്‍ നടപടി പ്രഖ്യാപിച്ചത്. ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ്മ ആറ് മാസത്തിനകം വിശദമായ വാദം കേട്ട് നിരോധനം നിയമസാധുത ഉള്ളതാണോയെന്ന് തീരുമാനമെടുക്കും. നിരോധനത്തിന് കാരണമായ കണ്ടെത്തലുകള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ട്രൈബ്യൂണലിന് മുന്നില്‍ അവതരിപ്പിക്കും.