29.2 C
Kollam
Friday, June 2, 2023
HomeLocalകൊല്ലം ജില്ലാ വാർത്തകൾ; ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

കൊല്ലം ജില്ലാ വാർത്തകൾ; ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു

ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു – മന്ത്രി കെ. എന്‍. ബാലഗോപാല്‍
കോവിഡ് സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന് സര്‍ക്കാരിന്റെ തീരുമാനപ്രകാരം ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിന് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ജില്ലയിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനും കൊട്ടാരക്കര മണ്ഡലത്തിലെ പട്ടയവിതരണം സുഗമമാക്കുന്നതിനും ആയി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരുടെയും മറ്റു ജനപ്രതിനിധികളുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ഒരു മാസത്തിനകം പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. കോവിഡ് സാഹചര്യം കൂടി മുന്‍നിര്‍ത്തി പഞ്ചായത്തുകള്‍ സമൂഹ അടുക്കളയും സമാന നടപടികളും കൈക്കൊള്ളണം. 1058 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മെയിന്റനന്‍സ് ഗ്രാന്‍ഡ് നല്‍കി. 30 കോടി രൂപ ജനകീയ ഹോട്ടല്‍ നടത്തിപ്പിന് ഇന്ന് അനുവദിച്ചു. പട്ടിണി ആര്‍ക്കും അനുഭവപ്പെടാത്ത സാഹചര്യം നിലനിര്‍ത്തണം.
കോവിഡ് ചികിത്സാ സൗകര്യം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലം മെഡിക്കല്‍ കോളേജില്‍ പുതിയ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് തുടങ്ങും എന്‍. എച്ച്. എം വഴി ആശുപത്രികളില്‍ കൂടുതല്‍ പേരുടെ സേവനം ലഭ്യമാക്കും. ജനകീയ ജാഗ്രത സമിതികള്‍ കൂടുതല്‍ ശക്തമായ ഇടപെടലുകള്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനത്തിനായി നടത്തണം. മന്ത്രി പറഞ്ഞു
അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നത് മന്ത്രി അറിയിച്ചു. താമസിക്കുന്നവര്‍ക്ക് രേഖകള്‍ ഇല്ലാത്തത് കാരണം പട്ടയം ലഭ്യമാകാത്ത നിലയുണ്ട്. അവയ്ക്കും പരിഹാരം കാണണം. കോളനികളില്‍ സമാന നിലയിലുള്ള കേസുകളും തീര്‍പ്പാക്കണം. കിട്ടാനുള്ളവരുടെ പട്ടിക പൂര്‍ണമാക്കാന്‍ തദ്ദേശ ഭരണ ഭാരവാഹികള്‍ മുന്‍കൈയെടുക്കണം.
അപേക്ഷകളിലെ ന്യൂനതകള്‍ പരിഹരിക്കുന്നത് വേഗത്തിലാക്കണം. പഞ്ചായത്ത് റവന്യു അധികൃതരുടെ സംയുക്ത പരിശോധന ആവശ്യമെങ്കില്‍ നടത്താം. ഒരു മാസത്തിനകം പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം.
കോവിഡ് പരിചരണത്തിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണെന്ന് കൊട്ടാരക്കര നഗരസഭ അധ്യക്ഷന്‍ ഷാജു അറിയിച്ചു.ആര്‍ ആര്‍ ടി കള്‍ പുന സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്ഥാപന ഭാരവാഹികള്‍ അറിയിച്ചു. കിടത്തി ചികിത്സ സൗകര്യത്തിന്റെ പരിമിതികള്‍ ജനപ്രതിനിധികള്‍ വിശദീകരിച്ചു. വിവിധ പഞ്ചായത്തുകളുടെ അധ്യക്ഷര്‍, സെക്രട്ടറിമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ജില്ലാ വികസന സമിതി യോഗം
റോഡ് അറ്റകുറ്റപ്പണികള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ആവശ്യം
ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗം. കരുനാഗപ്പള്ളി കുന്നത്തൂര്‍ താലൂക്കുകളെ ബന്ധിപ്പിക്കുന്ന ആനയടി മണപ്പള്ളി റോഡ്, കല്ലട- കുരീക്കല്‍, കല്ലുകാവ്- ശാസ്താംകോട്ട, കാരാളിമുക്ക് – കടപുഴ തുടങ്ങിയ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കുന്നത്തൂര്‍ മേഖലയിലെ കുടിവെള്ള പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കൊട്ടാരക്കര ഡിവിഷന് കീഴിലുള്ള കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. അച്ചന്‍കോവിലിലെ 18 മലപണ്ടാര കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള നടപടി വേഗത്തിലാക്കാന്‍ ട്രൈബല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പി. എസ്. സുപാല്‍ എം.എല്‍.എ. യാണ് വിഷയം ഉന്നയിച്ചത്. റോഡരികിലും മറ്റും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും പുനലൂര്‍ മേഖലയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും പി എസ് സുപാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കിഴക്കന്‍ വനമേഖലയില്‍ വന്യമൃഗശല്യം നിയന്ത്രിക്കുന്നതിന് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ഡി എഫ് ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി.ചെമ്മാന്‍ മുക്ക്- അയത്തില്‍ റോഡ് വഴിയുള്ള ജലവിതരണ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എം. നൗഷാദ് എം.എല്‍.എ യുടെ ആവശ്യപ്രകാരമാണ് നടപടി.
പട്ടയവിതരണത്തിനുള്ള ഗുണഭോക്താക്കളെ കണ്ടെത്തുന്ന നടപടി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ പ്രതിനിധി സജിമോന്‍ ആവശ്യപ്പെട്ടു
പി എം ജി എസ് വൈ പദ്ധതികളുടെ നിരക്കുകള്‍ പുതുക്കി വീണ്ടും ടെന്‍ഡര്‍ ചെയ്യണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ യോഗത്തെ അറിയിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തീയതി നീട്ടി
വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്ക് 2021 -22 വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ കേന്ദ്രീയ സൈനിക ബോര്‍ഡ് വെബ്‌പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നല്‍കാനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2792987

മസ്റ്ററിങ്ങ് ചെയ്യണം
കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് അസംഘടിത വിഭാഗം പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2019 ഡിസംബര്‍ 31നകം മസ്റ്ററിങ്ങ് ചെയ്തിട്ടില്ലാത്തവര്‍ അക്ഷയകേന്ദ്രം വഴി ഫെബ്രുവരി ഒന്ന് മുതല്‍ 20 നകം മസ്റ്ററിങ്ങ് ചെയ്യണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ 0474 2749048, 8075333190.

അംഗത്വം പുന:സ്ഥാപിക്കാം
കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് അസംഘടിത വിഭാഗം തൊഴിലാളികളുടെ അംശാദായ അടവില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി കുടിശ്ശിക മാത്രം സ്വീകരിച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും മേളകള്‍ നടത്തുന്നു. ജില്ലാ ഓഫീസില്‍ ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയും കരുനാഗപ്പള്ളി ഉപകാര്യാലയത്തില്‍ ഫെബ്രുവരി എട്ട്, മാര്‍ച്ച് 22, കുണ്ടറ- ഫെബ്രുവരി 18, മാര്‍ച്ച് 16, ചാത്തന്നൂര്‍- ഫെബ്രുവരി 25, മാര്‍ച്ച് 18, കൊട്ടാരക്കര- ഫെബ്രുവരി നാല്, മാര്‍ച്ച് എട്ട്, മാര്‍ച്ച് 28, പുനലൂര്‍- ഫെബ്രുവരി 21 മാര്‍ച്ച് 26, അഞ്ചല്‍- ജനുവരി 31, മാര്‍ച്ച് അഞ്ച്, മാര്‍ച്ച് 30, ആയൂര്‍- ഫെബ്രുവരി 23, മാര്‍ച്ച് 14, കടയ്ക്കല്‍- ഫെബ്രുവരി 15, മാര്‍ച്ച് 24 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് മേളകള്‍. ഫോണ്‍-04742749048, 8075333190

ഓബുഡ്‌സ്മാന്റെ സിറ്റിംഗ്
തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് ഓബുഡ്‌സ്മാന്റെ സിറ്റിംഗ് ഫെബ്രുവരി മുന്നിന് രാവിലെ 10.30 മുതല്‍ 11.30വരെ ചടയമംഗലം ബ്ലോക്ക് പഞ്ചായത്താഫീസിലും 12.30 മുതല്‍ 1.30 വരെ ചിതറ ഗ്രാമപഞ്ചായത്താഫീസിലും ഉണ്ടായിരിക്കും. പരാതികള്‍ സയ്യിദ്.എ, ഓബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്‌ട്രേറ്റ്, കൊല്ലം വിലാസത്തിലോ 9995491934 നമ്പരിലോ ombudsmankollam@gmail.com ഇ മെയിലായോ നേരിട്ടോ സമര്‍പ്പിക്കാം.

വെബ്ബിനാര്‍
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രന്യൂര്‍ഷിപ് ഡവലപ്പ്‌മെന്റ് (കെ.ഐ.ഇ.ഡി) വിവിധ സംരംഭകത്വപ്രോത്സാഹനപദ്ധതികള്‍, സംരംഭം തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍ സംബന്ധിച്ച് ജനുവരി 31 ന് ഓണ്‍ലൈനായി വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷന് 7012376994/ 9633050143 നമ്പരില്‍ വിളിക്കാം

തൊഴില്‍ രഹിത വേതനം അര്‍ഹതാ പരിശോധന
തേവലക്കര പഞ്ചായത്തിലെ തൊഴില്‍രഹിതവേതനവിതരണം സംബന്ധിച്ചുള്ള അര്‍ഹതാ പരിശോധനയ്ക്ക് ഗുണഭോക്താക്കള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്‌മെന്റ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, റ്റി.സി ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഫോണ്‍ നമ്പരും റോള്‍നമ്പരും എഴുതി ഫെബ്രുവരി രണ്ടിന് വൈകുന്നേരം മുന്നിന് മുമ്പ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0476 2872031.

ടെണ്ടര്‍ ക്ഷണിച്ചു
കൊട്ടാരക്കര ശിശു വികസന പദ്ധതി ആഫീസിന്റെ പരിധിയിലെ 177 അങ്കണവാടികള്‍ക്ക് ആവശ്യമായ രജിസ്റ്ററുകള്‍, ഫോറങ്ങള്‍ എന്നിവ പ്രിന്റ് ചെയ്തു വിതരണം ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാനതീയതി ജനുവരി 31 രാവിലെ 11 മണി. ഫോണ്‍ 0474 2451211.

ഹൈടെക് ഡയറി ഫാമിംഗ്
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലനവികസന കേന്ദ്രം ഫെബ്രുവരി ഒന്നിന് രാവിലെ 11 മുതല്‍ ‘ഹൈടെക് ഡയറി ഫാമിംഗ്’ വിഷയത്തില്‍ ഓണ്‍ലൈനായി പരിശീലനം നടത്തുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 10.30വരെ ഫോണ്‍ (0476 2698550) മുഖേനയും, പേരും വിലാസവും 8075028868 നമ്പരില്‍ അയച്ചും രജിസ്റ്റര്‍ ചെയ്യാം

റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തു
വിവിധ വകുപ്പുകളിലെ എല്‍.ഡി.സി (എസ്.ആര്‍ .ഫോര്‍. ഡി.എ) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 258/12) റാങ്ക് ലിസ്റ്റ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് റദ്ദ് ചെയ്തതായി പി .എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതല്‍ അടയ്ക്കും
വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാല്‍ ഇരവികുളം ദേശീയോ ദ്യാനത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒഴിവ്
തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ക്യുറേറ്റര്‍, ക്യുറേറ്റര്‍ ട്രെയിനിമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സുവോളജി, വൈല്‍ഡ് ലൈഫ് ബയോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകള്‍ ഫെബ്രുവരി 14 നകം നല്‍കണം. വിശദവിവരങ്ങള്‍ക്ക് 0471 2529145, www.forest.kerala.gov.in

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കില്‍ ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്ലൂഷന്‍ (എന്‍.എസ്.ക്യു.എഫ്- ലെവല്‍ മൂന്ന്, 3 മാസം) കോഴ്‌സിന് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നല്‍കുന്നു. 35 വയസ്സില്‍ താഴെ പ്രായമുള്ള പത്താം ക്ലാസ് പാസായവരും മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനില്‍ സ്ഥിരതാമസക്കാരും ആയവര്‍ക്ക് അപേക്ഷിക്കാം വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. അവസാന തീയതി ഫെബ്രുവരി മുന്ന് വിശദവിവരങ്ങള്‍ക്ക് – 9447488348.

അറിയിപ്പ്
കോവിഡ് വ്യാപനം പശ്ചാത്തലത്തില്‍ ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ അടിയന്തിര സ്വഭാവമുള്ള ചികിത്സകള്‍ ഒഴികെ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെയ്പുകള്‍ അടുത്ത രണ്ടാഴ്ച ഉണ്ടായിരിക്കില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments