ഇലന്തൂരിൽ സ്ത്രീകളെ തലയറുത്ത് നരബലി നടത്തി കുഴിച്ചിട്ട സംഭവത്തിൽ മൃതദേഹങ്ങൾ വീണ്ടെടുത്ത് അന്വേഷണസംഘം. ഇലന്തൂരിലെ ഭഗവൽ സിംഗിൻ്റെ വീട്ടുമുറ്റത്ത് നിന്നുമാണ് രണ്ട് മൃതദേഹങ്ങളും കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം കൊല്ലപ്പെട്ട പത്മയുടെ മൃതദേഹമാണ് ഇന്ന് പൊലീസ് ആദ്യം കുഴിച്ചെടുത്തത്.
പിന്നീട് വീട്ടുമുറ്റത്തെ മറ്റൊരു ഭാഗത്ത് നിന്നും റോസ്ലിൻ്റെ മൃതദേഹത്തിൻ്റെ അവശിഷ്ടവും പൊലീസ് വീണ്ടെടുത്തു. പ്രതി ഷാഫി നൽകിയ മൊഴി പ്രകാരം വീട്ടുപറമ്പിൽ മൂന്നാമതൊരു ഇടത്ത് കൂടി പൊലീസ് ഇപ്പോൾ കുഴിയെടുക്കുന്നുണ്ട്. മൃതദ്ദേഹത്തിന്റെ ചില കഷ്ണങ്ങൾ കൂടി കണ്ടെത്താനാണ് ഈ പരിശോധന. രണ്ട് കുഴികൾക്കും മുകളിൽ പ്രതികൾ മഞ്ഞൾ നട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
ഭഗവൽ സിംഗ് – ലൈല ദമ്പതികളുടെ വീടിനോട് അഞ്ച് മീറ്റര്‍ അകലെയുള്ള ഒരു കുഴിയിൽ നാലരയടി താഴ്ചയിലാണ് പത്മയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയത്. 22 കക്ഷണങ്ങളാക്കി മുറിച്ച് കുഴിച്ചിട്ട നിലയിലായിരുന്നു പത്മയുടെ മൃതദേഹം. ഈ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് പാക്ക് ചെയ്തു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം കുഴിച്ചെടുത്ത ശേഷം ഇവ പത്മയുടെ മകനെ അന്വേഷണസംഘം കാണിച്ചെങ്കിലും അയാൾക്ക് തിരിച്ചറിയാൻ പറ്റുന്ന ഒരടയാളവും ഉണ്ടായിരുന്നില്ല. ഡിഎൻഎ പരിശോധനയിലൂടെ മരണപ്പെട്ടത് പത്മ തന്നെ എന്നുറപ്പാക്കിയ ശേഷമേ മൃതദേഹംബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയും സംസ്കരിക്കുകയും ചെയ്യുകയുള്ളൂ. ഇതിനായി മകൻ്റെ ഡിഎൻഎ സാംപിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടാമത്ത് എടുത്ത കുഴിയിൽ നിന്നുമാണ് ജൂണിൽ കൊലപ്പെട്ട റോസ്ലിൻ്റെ മൃതദേഹം പൊലീസിന് ലഭിച്ചത്.
റോസ്ലിൻ്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയ കുഴിയിൽ നിന്നും കണ്ടെത്തിയ മറ്റു വസ്തുകൾ മൃതദേഹം അവരുടേത് തന്നെയാണ് എന്ന് തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചിട്ടുണ്ട്. ഒരു ഹാൻഡ് ബാഗും ഒരു മണ്‍കുടവും ചെരുപ്പും ഈ കുഴിയിലുണ്ടായിരുന്നു. ബാഗിനകത്ത് റോസ് കളറിലുള്ള പേഴ്സും, പൗഡറും, പ്ലാസ്റ്റിക് കവറും, പ്ലാസ്റ്റിക് കയറും, മേക്കപ്പ് സാധനങ്ങളും ഉണ്ടായിരുന്നു.
ഇതു കൂടാതെ തലമുടിയോട് കൂടിയ തലയോട്ടിയും രണ്ട് തോളെല്ലും ഒരു നീളമുള്ള അസ്ഥിയും കുഴിയിൽ നിന്നും കണ്ടെത്തി.
എന്നാൽ ലഭിച്ച അസ്ഥികൾ പൂര്‍ണമല്ലെന്ന് വ്യക്തമായതോടെ പൊലീസ് ഷാഫിയെ വീണ്ടും ചോദ്യം ചെയ്തു. ഇയാൾ നൽകിയ വിവരം അനുസരിച്ച് മൂന്നാമത്ത് ഒരു കുഴിയിൽ കൂടി പൊലീസ് പരിശോധന ആരംഭിച്ചു. പ്രതികളെയെല്ലാം ഇന്നു തന്നെ കൊച്ചിയിലേക്ക് കൊണ്ടു പോകുമെന്നും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നാളെ പോസ്റ്റ് മോര്‍ട്ടം നടത്തുമെന്നും ഡിഐജി ആര്‍.നിശാന്തിനി അറിയിച്ചു. പ്രതികളെയെല്ലാം ഇന്ന് രാത്രി കൊച്ചിയിലേക്ക് കൊണ്ടു പോകുമെന്നും പൊലീസ് വ്യക്തമാക്കി.