നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഷാഫിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈല പൊലീസിനോട് പറഞ്ഞു. ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി.
നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം,പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി വന്നതോടെ ഇക്കാര്യത്തിൽ അടക്കം കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പൊലീസ്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയശേഷം ഇതിൽ വ്യക്തത വരുത്തുമെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കി . പത്ത് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് നീക്കം.
നരബലിയിൽ സാമ്പത്തിക ഇടപാടും:
കൂലി ഒന്നരലക്ഷം രൂപ
രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവത്തിൽ സാമ്പത്തിക ഇടപാടും നടന്നു . നരബലിക്ക് കൂലിയായി തീരുമാനിച്ചത് ഒന്നരലക്ഷം രൂപ. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാ ഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ് . 15,000 രൂപ മുഹമ്മദ് ഷാഫി മുൻകൂർ വാങ്ങി. സിദ്ധൻ എന്ന് പരിചയപ്പെടുത്തിയതിനാൽ കൂടുതൽ തുക ആവശ്യപ്പെടാൻ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്
അതേസമയം റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു ഷാഫി വ്യക്തമാക്കിയില്ല. ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിൽ ആണെന്നും വൈദ്യൻ എന്ന് പ്രൊഫൈലിൽ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നൽകി.ഇങ്ങനെയാണ് ഭഗവൽ സിങ്ങിനെ പരിചയപ്പെട്ടത് .
അടുപ്പം സ്ഥാപിച്ചതിനു ശേഷം ശ്രീദേവി എന്ന പ്രൊഫൈൽ നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ശ്രീദേവി എന്ന പ്രൊഫൈൽ വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.മുഹമ്മദ് ഷാഫിക്കെതിരെ ഇതുവരെ കണ്ടെത്തിയത് 8 കേസുകൾ ആണ് .ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനിൽ ഉൾപ്പെടെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുത്തൻകുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസാണ് ഏക ക്രിമിനൽ കേസ്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവർത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവർത്തിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
നരബലി:മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
നരബലി കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുക.
പത്തനംതിട്ടയിൽ നിന്ന് പ്രതികളുടെ സാന്നിധ്യത്തിൽ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.
കടവന്ത്രയിൽ താമസിക്കുന്ന പത്മം, തൃശ്ശൂർ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്റ്റംബർ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം.
ഇരുവരുടെയും മൃതദേഹം ഡിഎൻഎ പരിശോധനടക്കം പൂർത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കൾക്ക് വിട്ടു നൽകുക. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്.