കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കേസ് വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി. വിലക്ക് ശരി വച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് വിശാല ബെഞ്ചിന് വിട്ടത്. കേസ് പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിർത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഇത്.
ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരി വച്ചപ്പോൾ, ജസ്റ്റിസ് സുധാൻശു ധൂലിയ ഈ വിധി തള്ളി. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ നിന്ന് ഭിന്നവിധി വന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടത്.
കേസ് വിശാല ബെഞ്ച് പരിഗണിക്കണോ, ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതിൽ ഇനി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കുകയോ, ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയോ ചെയ്യാത്തതിനാൽ കർണാടകത്തിൽ ഹിജാബ് നിരോധനം തുടരും.