ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശം
ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി ഡിജിപി അനിൽകാന്ത്. കൂടുതൽ മൃതദ്ദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പൊലീസ് നായ്കളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചുള്ള വിശദമായ തെരച്ചിലിനാണ് പൊലീസ് തയ്യാറെടുക്കുന്നത്. മറ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചിൽ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പൊലീസ് തീരുമാനിച്ചത്.
