സര്‍ക്കാര്‍ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായി. പുതിയ പല കാര്യങ്ങളും പഠിക്കാനും കേരളത്തിൽ നിന്നും ആരോഗ്യമേഖലയിൽ നിന്നും മറ്റുമായി കൂടുതൽ പേര്‍ക്ക് യൂറോപ്പിൽ തൊഴിലവസരങ്ങൾ ഒരുക്കാനും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കാനും യൂറോപ്പ് യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിവിന് വിപരീതമായി ചീഫ് സെക്രട്ടറി വിപി ജോയിയോടൊപ്പമാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണാനെത്തിയത്.
വിദേശ യാത്രയിൽ കുടുംബാംഗങ്ങൾ പോയതിൽ ഒരു അനൗചിത്യവും ഇല്ലെന്ന് മുഖ്യമന്ത്രി
വിദേശ യാത്രയിൽ കുടുംബാംഗങ്ങൾ പോയതിൽ ഒരു അനൗചിത്യവും ഇല്ലെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മാധ്യമങ്ങൾ ഏതിലാണ് ഊന്നൽ നൽകുന്നതെന്ന് ചോദിച്ച മുഖ്യമന്ത്രി, കേരളത്തിന് നേട്ടമുണ്ടാക്കാനായി നടത്തിയ ഔദ്യോഗികയാത്രയെ ചിലർ ഉല്ലാസയാത്രയെന്നും ധൂർത്തെന്നും വരുത്തി തീർക്കാനാണ് ശ്രമിച്ചതെന്നും അഭിപ്രായപ്പെട്ടു. നാടിനെ അഭിവൃദ്ധിപ്പെടുത്താനുള്ള നീക്കങ്ങൾ എന്താണ് കാണാത്തതെന്ന് ചോദിച്ച പിണറായി വിജയൻ മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കാൻ നോക്കുന്ന ചിത്രമല്ല സർക്കാരിനെ കുറിച്ചും കേരളത്തെ കുറിച്ചും പുറത്തുള്ളതെന്നും വിവരിച്ചു.
ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി
ഗവർണറെ ആക്ഷേപിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്ന ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെ പരിഹസിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധമായ കാര്യങ്ങൾ ചെയ്താൽ സാധുവാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.