മുന്തിയ ഇനം വ്യാജമദ്യം കടത്താൻ ശ്രമിച്ച രണ്ടുപേർ കരുനാഗപ്പള്ളിയിൽ പിടിയിലായി.
ഷാഡോ എക്സൈസ് ഉദ്യോഗസ്ഥൻ ബിജുവിനു കിട്ടിയ രഹസ്യവിവരത്തെ തുടർന്നാണ് 82 കുപ്പി മദ്യവുമായി പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം വച്ചാണ് അറസ്റ്റ്. കരുനാഗപ്പള്ളി കൊല്ലക സ്വദേശികളായ വടക്കുപുറത്തു വീട്ടിൽ ജോബിൻ ജെ തോമസ്(25) കനക ഭവനം വീട്ടിൽ അഖിൽ കനകൻ(24) എന്നിവരെ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ ലാലാജി ജംഗ്ഷനു സമീപം സംശയാസ്പദമായി കണ്ട രണ്ട് ആഡംബര കാറുകളിൽ നിന്നുമാണ് മദ്യം കണ്ടെടുത്തത്. മാഹിയിൽ നിന്നും ആണ് മദ്യം എത്തിച്ചത്. പ്രതികൾ കരുനാഗപ്പള്ളി ടൗണിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന “നീമാരുടെ ജ്യൂസ് ” കടയുടെ നടത്തിപ്പുകാരാണ്. ഇരുവരും ഉൾപ്പെടെ ആറു പേർ ചേർന്നാണ് മാഹിയിൽ നിന്നും മദ്യം വാങ്ങി ഇവിടെ എത്തിച്ചത്.ഓണത്തിന് വലിയ തോതിൽ ഇത്തരത്തിൽ വ്യാജ മദ്യ കച്ചവടം നടത്തിയിരുന്നു. ജൂസ് കടയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്നതായും വിവരം ലഭിച്ചു.
ഒരു കൂട്ടാളിയുടെ കയ്യിൽ 6 കെയ്സ് മദ്യം ഉള്ളതായി പ്രതികളെ ചോദ്യം ചെയ്തപ്പോൾ വിവരം ലഭിച്ചു.
കൂട്ടാളിക്ക് വിവരം ലഭിച്ചതോടെ കെയ്സും മദ്യവുമായി അയാൾ ഒളിവിൽപോയി. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖ ലോറൈനു മുമ്പാകെ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.