സ്‌കൂളില്‍ നിന്നും പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറീന്‍ മരിച്ച സംഭവത്തില്‍ അദ്ധ്യാപകരുടെ ഉദാസീനതയാണ് കാരണമെന്ന് വെളിപ്പെടുത്തി സഹപാഠികള്‍. പാമ്പ് കടിച്ച വിവരം ഷഹ്ല അറിഞ്ഞിരുന്നില്ല എന്നാല്‍ കാലില്‍ മുറിപ്പാടുകള്‍ കണ്ടപ്പോള്‍ തന്നെ താന്‍ അദ്ധ്യാപകരെ ഇക്കാര്യം ധരിപ്പിച്ചു. പക്ഷെ ഷഹലയുടെ അച്ഛന്‍ വന്നശേഷം ശേഷം അവളെ ആശുപത്രിയില്‍ കൊണ്ടുപൊയ്‌ക്കോളും എന്നാണ് അദ്ധ്യാപകര്‍ പറഞ്ഞതെന്നും പഠിപ്പിക്കല്‍ തുടരുകയായിരുന്നെന്നും സഹപാഠികള്‍ പറഞ്ഞു. അല്‍പ്പനേരം കഴിഞ്ഞ് ഷഹലയുടെ കാലില്‍ നീലനിറം രൂപപ്പെട്ടതായി കണ്ടിട്ടും അദ്ധ്യാപകന്‍ ക്ലാസെടുക്കല്‍ നിര്‍ത്തിയില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തി.
അതേസമയം, പാമ്പ് കടിച്ചുവെന്ന് മനസിലായ ഉടനെ തന്നെ തങ്ങള്‍ ഷഹ്ലയെ ആശുപത്രയില്‍ എത്തിച്ചുവെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രം അവിടെ ഉണ്ടായിരുന്നതിനാല്‍ വിദ്യാര്‍ത്ഥിനിയുടെ ചികിത്സ വൈകുകയായിരുന്നു എന്നാണ് സംഭവത്തില്‍ അദ്ധ്യാപകര്‍ നല്‍കിയ പ്രതികരണം. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന്റെ അനാസ്ഥയ്‌ക്കെതിരെ കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരിയിലെ സര്‍വജന ഹൈസ്‌കൂളില്‍ ഇന്നലെ വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഷഹല ഷെറീന്‍ (10). അഭിഭാഷകരായ പുത്തന്‍കുന്ന് ചിറ്റുരിലെ ഞെണ്ടന്‍വീട്ടില്‍ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും മകളാണ്. സഹോദരങ്ങള്‍: അമിയ ജെബിന്‍, ആഖില്‍.