മദ്യം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് നടന്ന തര്‍ക്കത്തിനൊടുവില്‍ കാട്ടാക്കടയില്‍ സ്വകാര്യ ഹോട്ടല്‍ ഒരു കൂട്ടം ഗുണ്ടകള്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തു. കട്ടാക്കട ടൗണില്‍ പ്രവര്‍ത്തിച്ചു വരുന്ന അഭിരാമി ബാര്‍ ഹോട്ടലാണ് ഗുണ്ടകള്‍ അടിച്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസം ഉച്ചക്കായിരുന്നു സംഭവം. ഹോട്ടലിലേക്ക് ഇരച്ചു കയറിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ഹോട്ടലിലെ ബാറില്‍ പ്രതികളില്‍ ഒരാളായ യുവാവ് മദ്യപിക്കാന്‍ എത്തിയിരുന്നു. അമിതമായി മദ്യപിച്ച ഇയാള്‍ ജീവനക്കാരോട് വീണ്ടും വീണ്ടും മദ്യം ആവശ്യപ്പെട്ടു. ജീവനക്കാര്‍ തരില്ലെന്ന് അറിയിച്ചതോടെ പ്രകോപിതനായ ഇയാള്‍ ബാറില്‍ നിന്നും പുറത്തിറങ്ങി ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.
തുടര്‍ന്ന് ഗുഡ്സ് ഓട്ടോറിക്ഷയില്‍ നാല് യുവാക്കള്‍ ഹോട്ടലില്‍ കടന്നെത്തി. മാരാകായുധങ്ങളുമായി എത്തിയ ഇവര്‍ ഒന്നും ചോദിക്കാതെ ഹോട്ടല്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ ലക്ഷക്കണക്കിന് നാശനഷ്ടങ്ങളാണ് ഹോട്ടലില്‍ സംഭവിച്ചത്. ഹോട്ടലിന് മുന്നിലെ വലിയ ഗ്ലാസും ഡോറുകളും ഇവര്‍ അടിച്ച് തകര്‍ത്തതില്‍ ഉള്‍പ്പെടുന്നു. കൂടാതെ കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും ഇവര്‍ നശിപ്പിച്ചിട്ടുണ്ട്. ആക്രമികളെ തടയാന്‍ എത്തിയ ഹോട്ടല്‍ ജീവനക്കാര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു.
സംഭവം നടത്തിയ ശേഷം പ്രതികള്‍ വണ്ടിയില്‍ ഹോട്ടലില്‍ നിന്നും തല്‍ക്ഷണം കടന്നു കളഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.

















 
                                     





