25.6 C
Kollam
Wednesday, November 20, 2024
HomeNewsPoliticsരാഷ്ട്രീയം പക തീർക്കാനോ?

രാഷ്ട്രീയം പക തീർക്കാനോ?

ആര്‍എസ്എസ്സിന്റെ ശാഖയില്‍ പോയതിന്, കൈയില്‍ രാഖി കെട്ടി നടന്നതിന് അവര്‍ രണ്ട് ആണ്‍മക്കളെ വെട്ടിക്കൊന്നു… പൊന്നുപോലുള്ള മക്കളെ…” മാഞ്ഞുപോയ ഓര്‍മ്മകളില്‍ നിന്ന് പഴയകാലം ചികഞ്ഞെടുക്കുമ്പോള്‍ 86 വയസ്സുള്ള ആ അമ്മയുടെ കണ്ണുകള്‍ നനഞ്ഞു. കുടുംബത്തിന് താങ്ങാവേണ്ട രണ്ടു ജീവിതങ്ങളെയാണ്, മുപ്പതാണ്ടുകള്‍ക്കു മുമ്പ് സിപിഎം ക്രൂരത ഇല്ലായ്മ ചെയ്തത്. ചെറുപ്രായത്തില്‍ ജോലിചെയ്ത് കുടുംബം നോക്കിയിരുന്നവരായിരുന്നു അവര്‍.

ജനരക്ഷാ യാത്രാനായകന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പര്യടനത്തിനിടെ ചേര്‍ത്തല തെക്ക് തോപ്പംപള്ളി വെളിയില്‍ വീട്ടില്‍ എത്തി. ഈ വീട്ടിലെ രാജമ്മ-പരമേശ്വരന്‍പിള്ള ദമ്പതികളുടെ മക്കളായ രാജു (17), വേണു (19) എന്നിവരാണ് ചുവപ്പു ഭീകരതയ്ക്ക് ക്രൂരതയ്ക്ക് ഇരയായത്. 1981 ഒക്‌ടോബര്‍ 14നായിരുന്നു സംഭവം. കേരളത്തിലെ ആദ്യ രാഷ്ട്രീയ ഇരട്ടക്കൊലപാതകമായിരുന്നു അത്. ഇന്ന് 36-ാം ബലിദാനദിനം. കാലമിത്ര കഴിഞ്ഞിട്ടും ആ കുടുംബം നഷ്ടപ്പെടലിന്റെ വേദനയില്‍ നിന്ന് മുക്തമായിട്ടില്ല.

രക്ഷാബന്ധന്‍ പരിപാടിക്കുള്ള ഗൃഹസമ്പര്‍ക്കം കഴിഞ്ഞ് തിരികെ വരുമ്പോള്‍ വെട്ടിക്കൊല്ലുകയായിരുന്നു. ചേര്‍ത്തലയിലും പരിസരത്തും സിപിഎം ആധിപത്യം നിലനിന്നിരുന്ന അക്കാലത്ത് മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. ശാഖ നടത്തുന്നതിന് സിപിഎം വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്കുകളെയും ഭീഷണിയെയും അവഗണിച്ച് ശാഖയ്ക്കു പോയ ഈ ചെറുപ്പക്കാരെ സിപിഎം കൊലക്കത്തിക്കിരയാക്കി. ആലപ്പുഴ ജില്ലയില്‍ ചുവപ്പു ഭീകരത പിന്നീട് നിരവധി ജീവനുകളെടുത്തു. നിരവധി കുടുംബങ്ങളെ അനാഥമാക്കി.

തോപ്പംപള്ളി വെളിയില്‍ വീട്ടില്‍ കുമ്മനം രാജശേഖരന്‍ എത്തുമ്പോള്‍ ബലിദാനികളായ രാജു, വേണു സഹോദരങ്ങളുടെ കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. സിപിഎം ക്രൂരത തീരാദുഃഖത്തിലാഴ്ത്തിയ വീട്ടില്‍ കുമ്മനത്തിന് വീരോചിത സ്വീകരണം. അമ്മ രാജമ്മ കുമ്മനത്തെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. തോപ്പംപള്ളിവെളിയില്‍ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത് ബലിദാനികളുടെ സഹോദരന്‍ ഉണ്ണികൃഷ്ണനും കുടുംബവും. ഇന്ന് വേണുവിന്റെയും രാജുവിന്റെയും ബലിദാന വാര്‍ഷികം ആചരിക്കുമ്പോള്‍, ഒന്നുമാത്രമാണ് ആ കുടുംബത്തിന്റെ പ്രാര്‍ത്ഥന…ഈ ക്രൂരത അവസാനിക്കണം… എന്നേയ്ക്കുമായി…

 
- Advertisment -

Most Popular

- Advertisement -

Recent Comments