യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളില്‍ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞത് അട്ടിമറിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 11 അധ്യാപകരെ അന്നു സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അതില്‍ ഒരാള്‍ പോലും പെണ്‍കുട്ടി ആക്ഷേപം ഉന്നയിച്ചവരല്ല എന്നതാണ് സത്യം.
പെണ്‍കുട്ടിയുടെ ആത്മഹത്യ ശ്രമവുമായി ബന്ധപ്പെട്ട് കൊളീജിയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഹരിത വി കുമാര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ സബ്ജക്ട് അദ്ധ്യാപകരെപോലെ ഭാഷാദ്ധ്യാപകര്‍ വേണ്ടത്ര ആത്മാര്‍ത്ഥത കാണിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയുണ്ടായിരുന്നു. അദ്ധ്യാപകരുടെ ബയോ മെട്രിക് അറ്റന്‍ഡന്‍സ് പരിശോധിച്ചപ്പോള്‍ പലരും കൃത്യ സമയത്ത് ഹാജരാകുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദി, ഇംഗ്‌ളീഷ് വിഭാഗങ്ങളിലെ അദ്ധ്യാപകരെ സ്ഥലം മാറ്റാന്‍ തീരുമാനിക്കുന്നത്.കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ തനിക്ക് കോളേജില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെപ്പറ്റി രണ്ട് അദ്ധ്യാപകരോട് വാക്കാല്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നു എന്ന് പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. ഇക്കാര്യം ഹരിത.വി. കുമാറിന്റെ റിപ്പോര്‍ട്ടും ശരിവയ്ക്കുന്നു. ഹരിത.വി കുമാര്‍ യൂണിവേഴ്‌സിറ്റി കോളേജിലെത്തി അന്വേഷണം നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ നിസാരവത്കരിച്ചതില്‍ ഒരു അദ്ധ്യാപകനെ ശാസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മറ്റ് നടപടികളൊന്നുമുണ്ടായില്ല.