ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് ഫലങ്ങള്‍. നെസ്‌റ്റെന്ന ഇസ്രായേല്‍ പാര്‍ലമെന്റില്‍ 120 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുന്‍പ് തെരഞ്ഞെടുപ്പ് നടന്നിട്ടും ആര്‍ക്കൂം ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ അധികാര കൈമാറ്റം നടക്കാതെ ഭരണം പ്രതിസന്ധിയിലെത്തിയിരുന്നു.
ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ തെരഞ്ഞെടുപ്പു നടന്ന സാഹചര്യത്തിലും അധികാരം കൈമാറാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം തെരഞ്ഞെടുപ്പില്‍ നെതന്യാഹു എതിരാളി ബെന്നി ഹാന്‍സിനെതിരെ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വീണ്ടും എത്തുമെന്നാണ് സൂചനകള്‍ പുറത്തുവരുന്നത്. നെതന്യാഹുവിന് 37 സീറ്റുകളും പ്രതിപക്ഷ സഖ്യത്തിന് 33 സീറ്റും കിട്ടുമെന്നാണ് ഫല സൂചന. ഇതുകൂടാതെ യുണൈറ്റഡ് അറബ് ലിസറ്റ് പാര്‍ട്ടിക്ക് 14 സീറ്റുകളും സാധ്യതയുള്ളതായി പറയുന്നു.ഇസ്രായേല്‍ ബീതേന്യൂ പാര്‍ട്ടിക്ക് 6 സീറ്റുകള്‍ കിട്ടുമെന്നും എക്സിറ്റ് ഫലങ്ങള്‍ പ്രവചിക്കുന്നു.
ഇസ്രായേലില്‍ ലിക്വിഡ് പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ഡിസംബറില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍ ഇസ്രായേല്‍ ആഭ്യന്തരമന്ത്രി ഗിദയോന്‍ സറിനെ പരാജയപ്പെടുത്തിയാണ് നെതന്യാഹു ലിക്വിഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തെത്തിയത്. 72.5 ശതമാനം വോട്ടുകളാണ് അവിടെ നെതന്യാഹുവിന് ലഭിച്ചത്. ഒരുലക്ഷത്തിപതിനാറായിരം അംഗങ്ങള്‍ക്കായിരുന്നു വോട്ടെടുപ്പിന് അവകാശം ഉണ്ടായിരുന്നത്. കേവല ഭൂരിപക്ഷം തികയാത്തതിതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനെയാണ് നെതന്യാഹു നേരിട്ടത്.
