25.2 C
Kollam
Friday, December 27, 2024
HomeRegionalAstrologyജ്യോതിഷത്തിലെ അപക്വമായ ചില ചിന്താധാരകൾ.

ജ്യോതിഷത്തിലെ അപക്വമായ ചില ചിന്താധാരകൾ.

ജ്യോതിഷത്തിന്റെ താത്വിക ദര്‍ശനങ്ങളിലെ ചില പൊരുത്തക്കേടുകള്‍

കാലികമായ മാറ്റം ജ്യോതിഷത്തിന്റെ താത്വിക ദര്‍ശനങ്ങളില്‍ പരിവര്‍ത്തനം വരുത്തുന്നത് സ്വാഭാവികമാണ്. അല്ലെങ്കില്‍ മാറുന്നത് അനിവാര്യതയുടെ ഘടകമാണ്. ജ്യോതിഷത്തെ ശാസ്ത്രത്തിന്റെ നിര്‍വ്വചനത്തില്‍ പെടുത്തുമ്പോള്‍, സമൂലമായ ദര്‍ശന ചിന്തകള്‍ ഉരുത്തിരിയുന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.ഇവിടമാണ് ജ്യോതിഷത്തിലെ അനാചാരങ്ങളെയും ദുരാചാരങ്ങളെയും വിചിന്തനം നടത്തേണ്ടി വരുന്നത്. ജ്യോതിഷത്തിന്റെ വിശാലതയില്‍ അര്‍ത്ഥമാനങ്ങള്‍ നല്‍കുമ്പോള്‍ ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ പല മാമൂലുകളും ആവിര്‍ഭവിക്കുന്നത് നിയതമായ  അനുഭവമാണ്. ഈ അനുഭവങ്ങളെയാണ് സാംശീകരിച്ച്  വിലയിരുത്തപ്പെടെണ്ടത്.അവിടമാണ് ജ്യോതിഷത്തിലെ അനാചാരങ്ങളെയും ദുരാചാരങ്ങളെയും വിലയിരുത്തപ്പെടെണ്ടതും വ്യാഖ്യാനിക്കപ്പെടെണ്ടതും.

രാഹുകാലവും

വൈരുദ്ധ്യങ്ങളും

രാഹുകാലത്തെ വിചിന്തനം ചെയ്യുമ്പോള്‍ പല വ്യാഖ്യാനങ്ങളാണ് നല്‍കി കാണുന്നത്. ആഖ്യാനപരമായി നോക്കുമ്പോള്‍  രാഹുകാലം കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു പ്രവൃത്തിയുടെ അല്ലെങ്കില്‍ ഒരു അനുഭവത്തിന്റെ നല്ല കാലത്തിനുള്ള സമയം നിജപ്പെടുത്തുന്നതിനാണ്.  രാഹുകാലത്തെ എട്ടായി ഭാഗിച്ച് കാണുന്നു. ഓരോ ഭാഗവും സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു എന്നീ എട്ടുഗ്രഹങ്ങളുടെ ഉദയകാലമാണ്. ഓരോ ദിവസവും ആദ്യ ഉദയം ആ ആഴ്ചയുടേ അധിപന്റെതാണ്. ഞായറാഴ്ച സൂര്യന്‍ മുതല്‍, തിങ്കളാഴ്ച ചന്ദ്രന്‍ മുതല്‍, ചൊവ്വാഴ്ച ചൊവ്വ മുതല്‍ എന്നിങ്ങനെയാണ്. ഇത് പ്രകാരം ഞായറാഴ്ച പകലിന്റെ എട്ടാം ഭാഗത്തിലും തിങ്കളാഴ്ച പകലിന്റെ ഏഴാം ഭാഗത്തിലും ചൊവ്വാഴ്ച  പകലിന്റെ ആറാം ഭാഗത്തിലും രാഹുവിന്റെ ഉദയം വരുന്നു.

രാഹുകാലം ദോഷസമയമെന്നോ നല്ലകാര്യങ്ങള്‍ക്കു ഫലപ്രദമല്ലെന്നോ ഒരു പ്രാചീന ഗ്രന്ഥത്തിലും പ്രതിപാദിച്ചിട്ടില്ല. പിന്നെ  രാഹുകാലം നോക്കുന്നത് എന്തിനെന്ന് ചിന്തിക്കുമ്പോള്‍ എഴുതപ്പെട്ട അല്ലെങ്കില്‍ അനുശാസിക്കുന്ന ചില ചട്ടക്കൂടുകളില്‍ ബന്ധിക്കപ്പെടുന്നു എന്ന് കാണാം. എന്നാല്‍ ഈ വിശ്വാസം ജനങ്ങളില്‍ എങ്ങനെ കടന്നു കൂടി? അതിന്റെ ഉരുത്തിരിയല്‍ യഥാര്‍ത്ഥത്തില്‍ ഇനിയും പറയാനാവുന്നില്ലെന്നതാണ് വസ്തുത. മുകളില്‍ സൂചിപ്പിച്ചത് കേരളീയ പക്ഷമനുസരിച്ചുള്ള രാഹുകാലമാണെങ്കിലും ഇന്ന് കലണ്ടറുകളിലും മറ്റും കൊടുത്തിരിക്കുന്നതും നാം ആചരിച്ച് വരുന്നതും പരദേശപക്ഷമനുസരിച്ചുള്ള രാഹുകാലമാണ്. അതിലും ഒരു പൊരുത്തക്കേടുണ്ട്.ഉദയം രാവിലെ ആറുമണിയെങ്കില്‍ ആണ് ആ  പറയപ്പെടുന്ന സമയം പാലിക്കേണ്ടത്. ഇവിടമാണ് വൈരുദ്ധ്യത പ്രകടമാകുന്നത്.നിര്‍ഭാഗ്യവശാല്‍ ഇത് ആരും മാറാന്‍ തയ്യാറാകുന്നില്ല. ഇത് ഒരുപക്ഷെ, അവബോധത്തിന്റെ പോരായ്മയാണ് കാണിക്കുന്നത്.

കാളസര്‍പ്പ ദോഷം അല്ലെങ്കില്‍ യോഗം

 വസ്തുനിഷ്ഠമാായി പറഞ്ഞാല്‍ കാളസര്‍പ്പദോഷം എന്ന ഒരു ദോഷം അല്ലെങ്കില്‍ യോഗം എന്നൊന്നില്ല. വ്യക്തിയുടെ മനസിന്റെ ദുര്‍ബലതയാണ് ഇവിടെ എടുത്തുപറയേണ്ടത്. രാഹു കേതുക്കള്‍ എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ ഗ്രഹങ്ങളേയല്ല. നിഴലുകള്‍ മാത്രമാണ്. അത് ഗ്രഹണം കണക്കാക്കാന്‍ ഉപയോഗിക്കുന്ന  രണ്ടു ബിന്ദുക്കള്‍ മാത്രമാണ്. ഇവകള്‍ക്കു പ്രത്യേക കാരകത്വം ഇല്ല. രാഹുവിന്റെയും കേതുവിന്റെയും ഇടയില്‍ എല്ലാ ഗ്രഹങ്ങളും വന്നാല്‍ യോഗമെന്നും കേതുവിന്റെയും രാഹുവിന്റെയും ഇടയില്‍ എല്ലാ ഗ്രഹങ്ങളും വന്നാല്‍ ദോഷമെന്നും പറയുന്നു.  ഇതിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഫലങ്ങള്‍ തരുന്നതായി പറഞ്ഞിട്ടുണ്ട്. ഇതിനെ ചില ജ്യോതിഷികള്‍   വിവാഹ തടസ്സം, സന്താനക്ലേശം, കര്‍മ്മദോഷം, കടബാധ്യത തുടങ്ങിയവ സൃഷ്ടിക്കുന്നതായി പറഞ്ഞു ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.

ഇതിനു പരിഹാരമായി രാഹുദോഷ പരിഹാര പൂജകള്‍ നടത്താനും ആന്ധ്രാപ്രദേശിലെ കാളഹസ്തി ക്ഷേത്രത്തില്‍ പരിഹാര പൂജ, തമിഴ്നാട്ടിലെ   നവഗ്രഹ ക്ഷേത്രങ്ങളില്‍ ദര്‍ശനവും പൂജകളും നടത്താനും കൂടാതെ, രത്നം, യന്ത്രം, മുതലായവ ധരിക്കാനും ജ്യോതിഷികള്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നു. അതിലൂടെ പണം നേടാനും പണം ദുര്‍വ്യയം ചെയ്യാനും പ്രേരിതമാക്കുന്നു. ഇഷ്ട്ടസ്ഥിതനായി ബലവത്തോടെ നില്‍ക്കുന്ന ഗ്രഹങ്ങളുടെ  ഭാവത്തിന്റെ ഗുണവും ജാതകന് ലഭിക്കുമ്പോള്‍ രാഹുകേതുക്കള്‍ എങ്ങനെ ദോഷം ചെയ്യും എന്ന് ചിന്തിക്കേണ്ടതുണ്ട്. അപ്പോള്‍ ഗ്രഹ കാരകത്വത്തിന്റെ ഗുണം ജാതകന് ലഭിക്കേണ്ടതല്ലേ? എങ്കില്‍ ഈ കാളസര്‍പ്പദോഷം എന്ന ദോഷം അഥവാ യോഗം എന്നത് അടിസ്ഥാന രഹിതമല്ലേ?.

മുഹൂര്‍ത്തത്തിലെ  വൈജാത്യങ്ങള്‍

ഏതൊരു കാര്യം ചെയ്യുമ്പോഴും മുഹൂര്‍ത്തം അഥവാ നല്ല സമയം തെരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ഇതില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും പറയാം. പക്ഷെ ഇക്കാര്യത്തില്‍ കൂടുതലും വൈരുധ്യങ്ങളാണ് കടന്നു കൂടുന്നതെന്ന് കാണാം. അടിസ്ഥാനപരമായി ചിന്തിക്കുമ്പോള്‍ മനുഷ്യന്റെ വിശ്വാസ ദര്‍ശനങ്ങള്‍ക്ക് ആശയപരമായും മാനസികമായും ഒരു ഉണര്‍വ്വ് പ്രദാനം ചെയ്യാനാകുമെന്ന് എടുത്തു പറയേണ്ട വസ്തുതയാണ്. ദിനാചരണം, മാസാചരണം, തുടങ്ങിയ കര്‍മ്മങ്ങല്‍ക്കു പഞ്ചാംഗ ശുദ്ധിയോ മുഹൂര്‍ത്ത ദോഷങ്ങളോ നിത്യ ദോഷങ്ങളോ കണക്കാക്കേണ്ടതില്ല എന്ന് മുഹൂര്‍ത്ത ഗ്രന്ഥങ്ങളിലെ പ്രമാണങ്ങള്‍ പ്രതിപാദിക്കുന്നു.

“അംഹസ്പതി രധിമാസ-

സ്സംസർപ്പോ ദൃശ്യാതാഹ്നി ഗുരുസിതയോ:

മൗഢ്യം ദൃഷ്ടിശ്ചമിഥോ

വർജ്ജ്യാദിന മാസ കാര്യതോണ്യത്ര ”

ചരട് കെട്ടിലെ പൊരുത്തക്കേടുകള്‍

ചരട് കെട്ടല്‍ യഥാര്‍ത്ഥത്തില്‍ ഒരു ആചാരമാണ്. ആചാരത്തിനു അടിസ്ഥാനം ഒരു തരം വിശ്വാസ്യതയും. കുട്ടി ജനിച്ച് ആദ്യമായി വരുന്ന ജന്മനക്ഷത്ര ദിവസമാണ് ഈ ചടങ്ങ് നടത്തുന്നത്.ചന്ദ്രന്റെ ഗതി വ്യത്യാസം മൂലം ആദ്യ ജന്മ നക്ഷത്രം, കുട്ടി ജനിച്ച ശേഷം 27 നോ 28 നോ 29 നോ വരുന്നതാണ്. ഇത് ദിനകാര്യമായതിനാല്‍ മറ്റു മുഹൂര്‍ത്ത വിഷയങ്ങള്‍ക്ക്‌ ഇവിടെ പ്രാധാന്യമില്ല. എന്നാല്‍, അല്‍പ ജ്യോതിഷം കൈമുതലാക്കിയ ജ്യോതിഷികള്‍ പ്രചാരത്തില്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ യഥാര്‍ത്ഥ ആചാരങ്ങള്‍ക്ക് വിലങ്ങാവുകയാണ്.

ആണ്‍കുട്ടികള്‍ക്ക് 27നു ചരട് കെട്ട് നടത്തണമെന്നും പെണ്‍കുട്ടികള്‍ക്ക് 28നു കെട്ടണമെന്നും നിഷ്കര്‍ഷിക്കുമ്പോള്‍ അതിനു ആഴ്ച,  നക്ഷത്രം, തിഥി മുതലായവ നോക്കി യഥാര്‍ത്ഥ ദിവസമായ കുട്ടിയുടെ ആദ്യ പക്കപിറന്നാള്‍ ദിവസം ചരട്‌ കെട്ടേണ്ടതെന്ന രീതിയില്‍ മാറ്റം വരുത്തി ഇല്ലാതാക്കി ക്കൊണ്ടിരിക്കുക്കയാണ് ചെയ്യുന്നത്. ഇതിലെ സാംഗത്യം പരിശോധിക്കുമ്പോള്‍ ജ്യോതിശാസ്ത്രത്തെ വികലമാക്കുന്ന കാഴ്ച അല്ലെങ്കില്‍, ഒരു പ്രവണതയാണ് പ്രത്യക്ഷത്തില്‍ സംഭവിക്കുന്നത്.

ചോറുണും വിശ്വാസ്യതയും

കുട്ടികള്‍ക്കു ആദ്യമായി ചോറ് കൊടുക്കാന്‍ ആറാം മാസത്തിലാണ് വിധിയാകുന്നത്. ഏഴാം മാസം വര്‍ജ്യമാണ്‌. എന്നാല്‍ മാസാചരണത്തിലാണ് കര്‍മ്മം നിര്‍വ്വഹിക്കേണ്ടതിനാല്‍ വര്‍ജ്യ മാസങ്ങളായ കന്നി, കര്‍ക്കിടകം, ധനു, കുംഭം എന്നിവ കണക്കാക്കേണ്ടതില്ല. കുട്ടി ജനിച്ച മലയാള മാസം മുതല്‍ ആറാമത്തെ മലയാള മാസത്തിനുള്ളില്‍ ചോറുണിനു പറഞ്ഞിരിക്കുന്ന മുഹൂര്‍ത്ത വിധി പ്രകാരം വേണം ഈ കര്‍മ്മം നടത്തേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ ബഹുഭൂരിപക്ഷം ജ്യോതിഷികളും ജനങ്ങളും ഇംഗ്ലീഷ് മാസം നോക്കി ചടങ്ങിന്റെ പരിപാവനത ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

പുളികുടിയിലെ സങ്കല്പങ്ങള്‍

ആദ്യ ഗര്‍ഭത്തില്‍ ഏഴാം മാസത്തില്‍ ഗര്‍ഭിണികള്‍ അനുഷ്ഠിക്കുന്ന ഒരു കര്‍മ്മമാണ്‌ പുളികുടി. ഈ ചടങ്ങിനു സാമുദായിക ദേശമനുസരിച്ച് വ്യത്യാസങ്ങളുണ്ട്. എന്നാല്‍, ഗര്‍ഭിണിയുടെ അവസാനത്തെ മാസമുറ ഉണ്ടായ മലയാള മാസം മുതല്‍ ഏഴു മാസം പൂര്‍ത്തീകരിക്കാത്ത സമയത്തിനുള്ളില്‍ വേണം ചടങ്ങ് നടത്തേണ്ടത്. പക്ഷെ ഇതിനും ഇംഗ്ലീഷ് മാസം കണക്കാക്കി യഥാര്‍ത്ഥ വിധി പ്രകാരം ചടങ്ങ് നടത്താന്‍ പറ്റാത്ത രീതിയില്‍ മാറ്റിയിരിക്കുകയാണ് ഇപ്പോഴത്തെ പല ജ്യോതിഷികളില്‍ പലരും ചെയ്തു വരുന്നത്. ഇതുപോലെ തന്നെ വിവാഹ മുഹൂര്‍ത്തത്തിലും ഇത്തരം ജ്യോതിഷികള്‍ വൈരുദ്ധ്യങ്ങൾ വരുത്തി വിധിപ്രകാരമുള്ള അഥവാ ശാസ്ത്രീയമായ പ്രക്രിയയില്‍ നിന്നും വ്യതി ചലിച്ച് കാണുന്നു.

മറ്റു പൊരുത്തക്കേടുകള്‍

വിഷു ഫലത്തിന്റെ കാര്യമെടുക്കുമ്പോള്‍ സംക്രമം നടന്ന നക്ഷത്രങ്ങള്‍ക്കും മറ്റു ചില നക്ഷത്രങ്ങള്‍ക്കും രോഗപീഡ, ധനനാശം, തുടങ്ങിയവ സംഭവിക്കാമെന്നും മറ്റു ചില ആപത്തുകള്‍ക്കു ഇട വരുത്തുമെന്നും  ചില പഞ്ചാംഗങ്ങളും ജ്യോതിഷികളും പ്രചരിപ്പിക്കുന്നത് ജനങ്ങളില്‍ തെറ്റായ വിശ്വാസങ്ങള്‍ ജനിപ്പിക്കുന്നതിന് കാരണ ഹേതുവാകുന്നു.

ചില നക്ഷത്രങ്ങള്‍ക്ക് ദോഷമുണ്ടെന്ന് പൊതുവായി പറയുമ്പോള്‍ ഈ നക്ഷത്രത്തില്‍ ജനിച്ച പല പ്രായക്കാരായ ആള്‍ക്കാര്‍ ഉണ്ടാവില്ലേ? അതുപോലെ പല ലഗ്നക്കാരും പല ദശാകാലം അനുഭവത്തില്‍ ഉള്ളവരും കാണുന്നത് സ്വാഭാവികമല്ലേ?.അപ്പോള്‍ എല്ലാപേര്‍ക്കും ഒരേഫലം പറയുന്നതിലുള്ള പൊരുത്തക്കേട് ചിന്തനീയമല്ലേ? ഇതേ അവസ്ഥയാണ് ഗ്രഹണ സമയത്തില്‍ പ്രചരിച്ച ചില വസ്തുതകളും. ഇനി കണ്ടകശനിയും ഏഴരാണ്ടര ശനിയും എടുത്താല്‍ അതും നക്ഷത്രത്തെ അടിസ്ഥാനപ്പെടുത്തി പ്രചരിക്കുന്ന ഒരു ദുരാചാരം അല്ലെങ്കില്‍ അന്ധവിശ്വാസമാണ്.ഒരു നക്ഷത്രത്തില്‍ ജനിച്ച പല പ്രായക്കാര്‍ക്കും പല ലഗ്നക്കാര്‍ക്കും പല ദശാകാലം അനുഭവിക്കുന്നവര്‍ക്കും ഒരേ ഫലമായിരിക്കില്ലല്ലോ അനുഭവേദ്യമാകുന്നത്. അപ്പോള്‍ യഥാര്‍ത്തത്തില്‍ കണ്ടകശനിയും ഏഴരാണ്ടര ശനിയും ജനങ്ങളെ വഴി തെറ്റിക്കുന്നില്ലേ?ഇതുപോലെ തന്നെയാണ് വിവാഹപൊരുത്തത്തിലും നക്ഷത്ര പൊരുത്തം നോക്കുന്നതും പൊരുത്തക്കെടുണ്ടാകുന്നതും വിവാഹം മുടങ്ങുന്നതും. യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ ഇത്തരം അന്ധവിശ്വാസം ഉന്മൂലനം ചെയ്യേണ്ടതും അല്ലെങ്കിൽ മാറ്റപ്പെടേണ്ടതുമാണ്.

എല്ലാറ്റിലും ഉപരി ഇപ്പോള്‍ വളരെ ദുവ്യാഖ്യാനം ചെയ്തു കാണപ്പെടുന്ന ഒന്നാണ് മരണാനന്തര ദോഷങ്ങളിലെ സങ്കല്പങ്ങള്‍. ജനിക്കുന്നതിനേക്കാള്‍ പ്രാധാന്യം കൂടുതല്‍ ഇപ്പോള്‍ നല്‍കി കാണുന്നത് മരണത്തിന്റെ കാര്യത്തിലാണ്. വസുപഞ്ചകദോഷം, ബലിനക്ഷത്രദോഷം, പിണ്ടനൂല്‍ദോഷം, കരിനാള്‍, അകനാള്‍ ദോഷം എന്നിങ്ങനെ പോകുന്നു ഇതിന്റെ പട്ടിക.

വസുപഞ്ചകം

“അവിട്ടം പാതിതൊട്ടു രേവത്യന്തം വരെക്കും

മരിച്ചാല്‍ ദഹിപ്പിക്ക യോഗ്യമല്ലറിക നീ

അഥവാ ദഹിപ്പിക്കേണമെന്നാകിലതിന്‍

വിധിപോല്‍ ദഹിപ്പിക്കാമൊരു ദോഷവും വരാ”

പിണ്ടനൂല്‍

“കേട്ടകാർത്തിക മുപ്പുരം യമന്‍ അഹിയും തഥാ ആര്‍ദ്ര

യോട് തഥാ ചോതി പിണ്ടനൂലിവ ഒന്‍പതും  ”

ബലിനക്ഷത്രം

“സ്ഥിര രാശീ പുണര്‍ത വിശാഖ ചിത്തിര രേവതി

രോഹണിവര്‍ജ്ജ്യം ഉത്തിര ഓണം

കേട്ട അവിട്ടം എന്നിവ നാളില്‍ മൃത്യു വന്നാല്‍ നിന്ന

തിലൊന്നിന് മൃത്യു നിശ്ചയം.”

യഥാര്‍ത്തത്തില്‍ ഈ നക്ഷത്രങ്ങളില്‍ മരിച്ചാല്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് മരണം സംഭവിക്കുമെന്നും മറ്റും പറഞ്ഞു ശരിയായ വിധത്തില്‍ ജ്യോതിഷം ഗ്രഹിക്കാത്ത ജ്യോതിഷികളും ശാസ്ത്രം പഠിക്കാത്ത പൂജാരിമാരും ജനങ്ങളില്‍ ഭീതി പരത്തി കാണുന്നു. ഇത് ജ്യോതിഷത്തിനു അപചയവും ജ്യോതിഷ ദര്‍ശനത്തിനു കളങ്കം ഉണ്ടാക്കുന്നതുമാണ്‌.

അപഗ്രന്ഥനം

എല്ലാ വിശ്വാസ പ്രമാണങ്ങള്‍ക്കും അടിസ്ഥാനപരമായി മനസിന്റെ താദാത്മ്യതയ്ക്ക് കൂടുതല്‍ പങ്കാണുള്ളത്. മനശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ വ്യക്തിയുടെ വ്യക്തിത്വ വികസനത്തിന് അല്ലെങ്കില്‍ പക്വത ആര്‍ജ്ജിക്കുന്നതിനു ശക്തമായ ഒരു മനസ്സ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. മനസ് ദുര്‍ബലമാകുമ്പോഴാണ്‌ മറ്റു പലതിനെയും ആശ്രയിക്കേണ്ടി വരുന്നത് അല്ലെങ്കില്‍, അഭയം പ്രാപിക്കേണ്ടി വരുന്നത്. അവിടമാണ് ജ്യോതിഷത്തില്‍ ജനങ്ങള്‍  കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷം   വിശ്വാസ്യതയുടെ കര്‍മ്മതലത്തിലെ പരിവേഷമാണ്. ആചാരങ്ങളെപ്പോലെ അനുഷ്ഠാനങ്ങള്‍ക്കും ഏറെ പങ്ക് വഹിക്കാനാവുമെങ്കിലും ഇവ രണ്ടും നല്‍കുന്ന വിഭാവന പോലെ ജ്യോതിഷവും പ്രദാനം ചെയ്യുന്നത് ഒരു ദര്‍ശനമാണ്. ആ ദര്‍ശനത്തിലെ താത്വിക ചിന്തകള്‍ നല്‍കുന്ന പരിവേഷം വിശ്വാസങ്ങള്‍ക്ക് കൂടുതല്‍ ഉപോത്ബലകമാകുന്നുവെന്നതാണ് സത്യം. അതിനു ശാസ്ത്രീയമായ അവലംബനങ്ങള്‍ ജ്യോതിഷത്തില്‍ കൊണ്ടുവന്നു അനാചാരങ്ങളെയും ദുരാചാരങ്ങളെയും ഉന്മൂലനം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ശരിയായ മാര്‍ഗ്ഗത്തിലൂടെ, ദിശയിലൂടെ, ദര്‍ശനത്തിലൂടെ, ജ്യോതിഷത്തെ നേര്‍വഴിക്ക് നയിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധാലുക്കളായാല്‍ ജ്യോതിഷത്തിന്റെ യശ്ശസിനെ ഉയര്‍ത്താന്‍ പര്യാപ്ത്തമാകുമെന്നത്തില്‍ സംശയമില്ല!

 

- Advertisment -

Most Popular

- Advertisement -

Recent Comments