യഥാർത്ഥത്തിൽ സൗന്ദര്യം എന്താണ്? ആകെക്കൂടി ചിന്തിച്ചാൽ അതിന് ഒരു നിർവ്വചനം നല്കാനാകുമോ ? കണ്ണിന് കുളിർമ നല്കുന്നത് എന്തും സൗന്ദര്യത്തിന്റെ അർത്ഥത്തിൽ പെടുമോ?
പ്രകൃതി അതി മനോഹരമാണ്. പ്രകൃതിയിലെ എല്ലാ ജീവാ ജാലങ്ങളും സൗന്ദര്യത്തിന്റെ ഏറ്റക്കുറച്ചിലിൽ വ്യത്യസ്തമായിരിക്കുന്നതായി കാണാം. അപ്പോൾ , അത് മനോഭാവത്തിന്റെ മാനദണ്ഡത്തിൽ വ്യാഖ്യാനിക്കപ്പെടുന്നതാണോ? ഇവിടമാണ് മനസ്സിന്റെ ചിന്തകൾക്ക് വഴിമാറുന്നത്. മനസ്സിൽ രൂപം കൊളളുന്ന വൈയയ്ക്തികമായ കാഴ്ചകൾ ദൃശ്യത്തിന്റെ കേന്ദ്ര ബിന്ദുവിൽ അനുഭൂതി പകരുന്നതാണോ സൗന്ദര്യം! ലളിതമായി പറഞ്ഞാൽ നയനമനോഹരമായ ഏതു കാഴ്ചയും സൗന്ദര്യ സങ്കല്പത്തിന്റെ അർത്ഥതലങ്ങളിൽ സൗരഭ്യം പകരുന്നതാണ്. മറ്റെല്ലാം മാറ്റി മനുഷ്യ സൗന്ദര്യത്തിന്റെ ആഖ്യാനത്തിലേക്ക് ചിന്തിച്ചാൽ എന്താണ് സൗന്ദര്യം? എവിടമാണ് സൗന്ദര്യം? ഇത് ബ്രഹൃത്തായി ചിന്തിക്കേണ്ട കാര്യമാണ്. അടിസ്ഥാനപരമായി നോക്കുമ്പോൾ , സൗന്ദര്യം പുറമെയുള്ളതോ ഉള്ളിലുള്ളതോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതോ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിലെ ആകർഷക ഘടകത്തിലെ ഏതെങ്കിലും ഭാവമോ? ഇങ്ങനെയൊക്കെ വിലയിരുത്തുമ്പോൾ സ്ത്രീ – പുരുഷൻമാരിലെ വേറിട്ട ശരീര ചിന്തകൾ നലകുന്ന ഭാവതലങ്ങളും മറ്റും പരിഗണിക്കുമ്പോൾ , ആ കാഴ്ചപ്പാടുകൾ വ്യത്യസ്തമായി മാറുന്നു. ഇവിടമാണ് കവികളുടെ കാഴ്ചപ്പാടുകളും മറ്റുള്ളവരുടെ നിരീക്ഷണവും ശ്രദ്ധേയമാകുന്നത്.
ബാഹ്യ മോടിക്ക് സൗന്ദര്യത്തിൽ പ്രഥമസ്ഥാനം നല്കാമോ? അതോ ആന്തരിക സൗന്ദര്യം നല്കുന്ന കാഴ്ചകൾ ഇതിന്റെ നിർവ്വചനത്തിൽപ്പെടുത്താമോ?മനസ്സിന്റെ സൗന്ദര്യവും സൗന്ദര്യമല്ലേ ? ഇവിടെ സമ്മിശ്രമായ വിചിന്തനകൾക്കാണ് അപ്പോൾ വഴി മാറുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സൗന്ദര്യ സങ്കല്പത്തെ വാഴ്ത്തീട്ടുള്ളത് സ്ത്രീകളുടെ ആകാര ഘടനകൾക്കാണ്. അടി തൊട്ട് മൂടി വരെ അത് വർണ്ണനാധീതവും വിവരണാധീതവുമാണ്. സ്ത്രീയുടെ സൗന്ദര്യത്തെ സർപ്പ സൗന്ദര്യവുമായി താതാദ്മ്യം ചെയ്തു വരെ കാണുന്നു. അങ്ങനെ … അങ്ങനെ … എന്തെല്ലാമായി തുലനം ചെയ്യുന്നു.
സ്ത്രീ മാസ്മരിക ഭാവത്തിന്റെ ഉത്തുംഗ ഭാവത്തെയല്ലേ അപ്പോൾ പ്രതിനിദാനം ചെയ്യുന്നത് ?
പുരുഷന്റെ സൗന്ദര്യത്തിന്റെ നിദാന്തങ്ങൾ ഏറെ വ്യത്യസ്തത പുലർത്തുന്നു. ഇതൊക്കെ പറയുമ്പോഴും സൗന്ദര്യദർശനം കാഴ്ചയുടെ പ്രധാന ഹേതുവായി മാറുന്നത് സ്വാഭാവികതയും യാഥാർത്ഥ്യതയുമാണ്. പക്ഷേ, ജീവിതത്തിന്റെ സൗന്ദര്യം ബാഹ്യമോ ആന്തരികമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടമാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. സർപ്പ സൗന്ദര്യമുള്ള സ്ത്രീ ചില സന്ദർഭത്തിൽ ഒന്ന് ” ദംശിച്ചാൽ “അത് വളരെ ദോഷം ചെയ്യും. ചിലപ്പോൾ മൃത്യുവിലേക്ക് വഴി തെളിക്കും.
സ്നേഹം പകരുന്ന, നൈർമല്യമുളള ഹൃദയ വിശാലതയുള്ള ഒരു സ്ത്രീ അല്ലെങ്കിൽ പുരുഷൻ ജീവിതത്തിന്റെ അർത്ഥങ്ങളിൽ നിർവിഘ്നം ചൊരിയുന്ന തീഷ്ണ ഭാവങ്ങൾ യാഥാർത്ഥ്യതയോടെ, കളങ്കമില്ലാതെ നല്കുമ്പോൾ, സൗന്ദര്യം എന്ന് പറയുന്നത് അല്ലെങ്കിൽ, കാണേണ്ടത് ഈ അളവ് കോലിന്റെ മാനദണ്ഡത്തിലല്ലേ?
സ്നേഹം, വിശുദ്ധി, നിഷ്ക്കളങ്കത, വിശാലത ഇതിനെയൊക്കെയല്ലേ യഥാർത്ഥത്തിൽ സൗന്ദര്യത്തിന്റെ മാറ്റായി, നിർവ്വചനമായി പരിഗണിക്കേണ്ടത് അല്ലെങ്കിൽ, പ്രഘോഷിക്കേണ്ടത്!