കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻപാളകളിൽ നിർമ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി.