ഭുജഗ ലോകപതിം ച സതീപതിം
പ്രണത ഭക്തജനാര്‍ത്തി ഹരം പരം
ഭജത രേ മനുജാ: ഗിരിജാ പതിം….
സംഹാര മൂര്‍ത്തിയായ ലോകൈകനാഥനായ പരമശിവനു വേണ്ടി ഉറക്കമുളച്ച് പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ലോകമെമ്പാടും ആഘോഷിക്കുന്നത്. മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രി . ‘ ഓം നമഃ ശിവായ ‘ എന്ന പഞ്ചാക്ഷരീ മന്ത്രത്താല്‍ ഭക്തലക്ഷങ്ങള്‍ മഹാദേവനെ ഇന്ന് സ്തുതിക്കുന്നു . ‘ ശിവപുരാണത്തിലും കമ്പരാമായണത്തിലും ദേവീ ഭാഗവതത്തിലുമൊക്കെ ശിവരാത്രിയെ പ്രകീര്‍ത്തിക്കുന്ന പരാമര്‍ശമുണ്ട്. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും മഹാവിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കം പിന്നീട് നടന്ന യുദ്ധവുമാണ് ശിവ പുരാണത്തിലെ ഐതീഹ്യ പൊരുള്‍.
പാലാഴിമഥനവുമായി ബന്ധപ്പെട്ട് ജരാനര ബാധിച്ച ദേവന്മാരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദേവന്‍മാരും അസുരന്‍മാരും ചേര്‍ന്ന് അമൃത് കടഞ്ഞെടുത്തതും കടച്ചില്‍ പുരോഗമിച്ചപ്പോള്‍ വാസുകി വിഷം ഛര്‍ദ്ദിച്ചതും പരമശിവന്‍ ആ വിഷം പാനം ചെയ്തതുമാണ് ശിവപുരാണം പറയുന്നത്.
മഹാദേവനായ ശിവന്റെ മഹാത്യാഗത്തെ സ്തുതിച്ച് ദേവഗണങ്ങളും സ്വപത്‌നി പാര്‍വതി ദേവിയും രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നു ശിവഭജനം ചെയ്തുവത്രെ . ആ ദിവസത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ എന്നവണ്ണമാണ് ഭക്തസഹസ്രങ്ങള്‍ ഈ ദിനം മഹാശിവരാത്രിയായി കൊണ്ടാടുന്നത്. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രിയെന്നാണ് പറയപ്പെടുന്നത്. ശിവ സഹസ്രനാമം, ബില്വാഷ്ടകം, ലിംഗാഷ്ടകം, ശിവാഷ്ടകം ,ഉമാമഹേശ്വരസ്തോത്രം ,പഞ്ചാക്ഷരീ മന്ത്രം,മൃത്യുഞ്ജയ മന്ത്രം , പഞ്ചാക്ഷരീ സ്‌തോത്രം എന്നീ മന്ത്രങ്ങള്‍ ശിവപ്രീതിക്കായി ഭക്തര്‍ ഈ ദിവസം ഉരുവിടുന്നു. ദേവാധിദേവനായ ശ്രീമഹാദേവനും, സര്‍വ്വൈശ്വര്യ പ്രദായിനിയായ ആദിപരാശക്തിയുമാണ് പ്രപഞ്ചത്തിന്റെയും പ്രണയത്തിന്റെയും ആധാരമെന്നാണ് വിശ്വാസം. സര്‍വ്വചരാചരങ്ങളുടേയും ജീവചൈതന്യത്തെ തന്നിലേക്ക് കേന്ദ്രീകരിച്ചു നിര്‍ത്തി ആനന്ദ നൃത്തം ചവിട്ടുന്ന ശിവന്റെ താള സൗന്ദര്യം പ്രപഞ്ചതാളത്തില്‍ ലയിക്കുന്നുവെന്നാണ് പഞ്ചാക്ഷരി മന്ത്രത്തില്‍ അടങ്ങിയിരിക്കുന്ന പൊരുള്‍.