പൗരാണിക കാലഘട്ടത്തിലെ യാത്രാ ചരിത്രം ഏറെ വിസ്മയകരമാണ്. കൊല്ലം പട്ടണത്തിൽ രോഗികളും സ്ത്രീകളും ഉദ്ദ്യോഗസ്ഥരും പ്രമുഖരും ഒക്കെ സഞ്ചരിച്ചിരിരുന്നത് കാളയെ കെട്ടിയ വില്ലുവണ്ടി, ജഡ്ക എന്നറിയപ്പെട്ടിരുന്ന കുതിരവണ്ടി, മനുഷ്യൻ വലിച്ചു കൊണ്ട് ഓടുന്ന റിക്ഷ എന്നിവകളിലായിരുന്നു.
പ്രമുഖ ജംഗ്ഷനുകളിൽ ഇവയൊക്കെ ഏതു സമയവും ലഭിക്കുമായിരുന്നു. കൂടാതെ, കൊല്ലം തോട്ടിൽ കൂടി ഭക്ഷ്യസാധനങ്ങൾ നിരന്തരം കയറ്റിയിറക്കുന്ന കേവുവള്ളങ്ങളും സഞ്ചാരയോഗ്യമായ വള്ളങ്ങളും ലഭിക്കുമായിരുന്നു. തോട് ശുദ്ധവും ഇരുകരകളും സംരക്ഷിക്കപ്പെട്ടവയുമായിരുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പ് നിത്യോപയോഗ സാധനങ്ങൾക്ക് വലിയ ക്ഷാമം ഉണ്ടായി. ഭരണ കർത്താക്കൾ ഉചിതമായ നടപടി സ്വീകരിച്ചു. റിക്ഷകൾക്ക് മണ്ണെണ്ണ ലഭിക്കാൻ വളരെ ബുദ്ധിമുട്ടായി. ഈ അവസരത്തിൽ അഡ്വക്കേറ്റ് വൈശ്യ നഴികത്ത് നാരായണ പിള്ളയുടെ ഇടപെടലിനെ തുടർന്ന് മണ്ണെണ്ണ റേഷൻ വിലയ്ക്ക് ലഭ്യമാകുന്നതിന് പെർമിറ്റ് ലഭിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഏതാനും തൊഴിലാളികൾ ചേർന്ന് റിക്ഷാ തൊഴിലാളി യൂണിയൻ സംഘടിപ്പിച്ചു.
തുടർന്ന് പി എസ് പി യുടെ നേതൃത്വത്തിൽ മറ്റൊരു സംഘടനയും രൂപവത്ക്കരിച്ചു. അന്ന് കാലൻ ഇബ്രാഹിം എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന റിക്ഷാ തൊഴിലാളി തമിഴ് നാട്ടിൽ പോയി ഒരു സൈക്കിൾ റിക്ഷാ വാങ്ങി കൊണ്ടുവന്നു.
ഇത് വലിച്ചു കൊണ്ടുപോകുന്ന റിക്ഷയേക്കാൾ കൂടുതൽ സൗകര്യപ്രദമാണെന്ന് കണ്ടു. മാത്രമല്ല, ഇത് ആയാസം കുറയ്ക്കാനും കഴിയുമെന്ന് മനസ്സിലാക്കി. ഇതോടെ, ഈ സൈക്കിൾ റിക്ഷാകൾ കൂടുതൽ പ്രചാരത്തിലാകുന്നതിനും ഓടിക്കുന്നതിന് യൂണിയനുകളും പ്രവർത്തിച്ചു.
ഇ എം എസിന്റെ മന്ത്രിസഭയായിരുന്നു. സൈക്കിൾ റിക്ഷകൾ ഓടിക്കുന്നതിന് ലൈസൻസും ബാഡ്ജും ആവശ്യമായിരുന്നു. ഇത് നല്കിയിരുന്നത് ഹാക്നി കാര്യേജ് വകുപ്പനുസരിച്ചായിരുന്നു. അതിന്റെ ചുമതല പോലീസ് വകുപ്പിനായിരുന്നു.
ടൗണിൽ 2000 ൽ അധികം റിക്ഷാ തൊഴിലാളികൾ ഉണ്ടായിരുന്നു. ഒരു പുതിയ സൈക്കിൾ റിക്ഷയ്ക്ക് ആയിരം രൂപായ്ക്ക് താഴെയായിരുന്നു വില. പ്രതിദിനം ഒരു രൂപാ നിരക്കിൽ റിക്ഷാ വാടകയ്ക്ക് ലഭിക്കുമായിരുന്നു.
കാലം മാറി. ശാസ്ത്രം വളർന്നു. സമസ്ത മേഖലകളിൽ പുരോഗതിയായി. ഇപ്പോൾ ഇവിടെ സൂചിപ്പിച്ച പുരാതന യാത്രാ വാഹനങ്ങളെല്ലാം വിസ്മൃതിയിലായി. പേരിന് പോലും കാണാൻ കഴിയാതെയായി.
പുരാവസ്തുവായി കാണാൻ പോലും ഇല്ലെന്ന് പറയുമ്പോൾ ഒരു പക്ഷേ, യാഥാർത്ഥ്യമാകാം. ഏതായാലും ഇന്ന് യന്ത്രവത്കൃത യാത്രാവാഹനങ്ങളുടെ ആഭൂതപൂർവ്വമായ തിങ്ങി നിറഞ്ഞുള്ള റോഡിലെ കാഴ്ചകൾ കാണുമ്പോൾ, കാലത്തിന്റെ പോക്ക് എങ്ങനെയെന്ന് അതിശയത്തോടെ വീക്ഷിക്കാനേ കഴിയൂ!
പഴയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കുമ്പോൾ, ഒരു കണക്കിന് ഒരു ആസ്വാദ്യതയും ഹൃദ്യതയും എത്രമാത്രമാണെന്നത് പറഞ്ഞറിയിക്കാനാവാത്തതാണ്. പുതു തലമുറയ്ക്ക് ഇവയെല്ലാം കേട്ടുകേൾവി പോലുമില്ലെന്നതാണ് ഏറെ അതിശയപ്പെടുത്തുന്നത്!