കേരളീയർ കോവിഡ് മഹാമാരിക്കിടയിലും പൊന്നോണത്തെ വരവേൽക്കുകയാണ്. ഓണ വിപണി ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന നിരവധി പുഷ്പ വ്യാപാരികള്‍ കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും പ്രതിസന്ധിയിലാണ് . കോവിഡിനെ തുടർന്ന് ഓണാഘോഷങ്ങൾ ഇല്ലാത്തത് കച്ചവടം കുത്തനെ ഇടിച്ചു.
ഓണക്കച്ചവടം മുന്നിൽ കണ്ട് പൂകൃഷിയിറക്കിയിരുന്ന തമിഴ്നാട്ടിലെ കർഷകരും കൃഷിയില്‍നിന്ന് പിന്‍വാങ്ങി. വാടാമല്ലി, ചെണ്ടുമല്ലി, അരളി, ജമന്തി, റോസ് ഇനം പൂക്കളാണ് ഓണവിപണിയിൽ എത്തുന്നത്. വീട്ടുമുറ്റത്ത് പൂക്കളം തീർക്കുന്നവർ മാത്രമാണ് ഇപ്പോൾ പൂക്കൾ വാങ്ങുന്നത്. പൂക്കൾ വാങ്ങിക്കാൻ ആവശ്യക്കാർ കുറവാണെങ്കിലും വില കുറഞ്ഞിട്ടില്ല. വാടാമല്ലി കിലോ 130, ചെണ്ടു മല്ലി -50, അരളി -130, ജമന്തി -200, റോസ് 160 എന്നിങ്ങനെയാണ് പൂക്കളുടെ വില. തമിഴ്നാട്ടിൽനിന്ന് പൂക്കളുടെ വരവു കുറഞ്ഞതാണ് വിലയിൽ മാറ്റം വരാതിരിക്കാൻ കാരണം. പുഷ്പ വ്യാപണി ഇടിയാൻ കാരണമായത് കല്യാണങ്ങള്‍ കുറഞ്ഞതും, ക്ഷേത്രങ്ങൾ തുറക്കാത്തതും ഉത്സവങ്ങൾ ഇല്ലാത്തതുമാണ്.