തേൻതുള്ളികൾ
കാര്യങ്ങൾ ഒതുക്കി പറയണം
രാമായണ കഥ കേൾക്കാത്തവരില്ലല്ലോ. വനവാസകാലത്ത് പഞ്ചവടിയിൽ വച്ച് സീതയെ രാവണൻ തട്ടി കൊണ്ടുപോയി. സീതയെ നഷ്ടപ്പെട്ട ശ്രീരാമൻ വളരെയധികം ദുഃഖിച്ചു. സീതയെത്തേടി ശ്രീരാമൻ പല ദിക്കിലും അലഞ്ഞു.
രാവണനാണ് സീതയെ തട്ടിക്കൊണ്ടുപോയതെന്നറിഞ്ഞ ഹനുമാൻ, രാവണന്റെ രാജ്യമായ ലങ്കയിലേക്ക് പുറപ്പെടുന്നു. അവിടെ ശിംശപവൃക്ഷച്ചുവട്ടിൽ വച്ച് ഹനുമാൻ സീതയെ കാണുന്നു. സീതയെ കണ്ട് വിവരം വ്യാകുല ചിത്തനായ ശ്രീരാമനെ എത്രയും പെട്ടെന്ന് അറിയിക്കാൻ ഹനുമാൻ എത്തുകയാണ്. ശ്രീരാമനെ കണ്ടയുടൻ ഹനുമാൻ പറഞ്ഞതിങ്ങനെ:കണ്ടു ഞാൻ സീതയെ.ദുഃഖിതനായ ശ്രീരാമനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താതിരിക്കാനാണ് “കണ്ടു” എന്ന വാക്ക് ഹനുമാൻ ആദ്യം പറഞ്ഞത്. വേണമെങ്കിൽ ഹനുമാന് യാത്രാവിവരണങ്ങളും മറ്റും പറഞ്ഞശേഷം സീതയെ കണ്ട വിവരം ശ്രീരാമനോട് പറയാമായിരുന്നു. പക്ഷേ, ഹനുമാൻ അങ്ങനെ ചെയ്തില്ല.
നമ്മിൽ പലർക്കും ഇല്ലാത്ത ഒരു കാര്യമാണിത്. പൊടിപ്പും തൊങ്ങലും വച്ച് ഒരാമുഖ പ്രസംഗം നടത്തിയശേഷം മാത്രമാവും പ്രധാനപ്പെട്ട കാര്യം പറയുക. അപ്പോഴേക്കും കേട്ടിരിക്കുന്ന ആളിന്റെ ക്ഷമ നശിച്ചിരിക്കും.
കാര്യങ്ങൾ ഒതുക്കിപ്പറയാൻ ശീലിച്ചാൽ നമുക്കും കേൾക്കുന്നവർക്കും അതു ഗുണകരമാവും എന്ന് ഓർമ്മിക്കുന്നതു നല്ലതാണ്.
പതിനാറ് കഥകളുടെ സമാഹാരമായ സ്പ്രിന്റ് റാണിയുടെ രചയിതാവ്