27 C
Kollam
Thursday, September 28, 2023
HomeMost Viewedവികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

വികസനത്തെ പ്രോത്സാഹിപ്പിക്കാന്‍ നാട് ഒന്നിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

- Advertisement -

സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം നാട് സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും’ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും അവാര്‍ഡ് ദാനവും സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എന്തിന്റെയെങ്കിലും പേരില്‍ വികസനത്തിന് തടയിടുന്ന രീതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കരുത്. ചട്ടവിരുദ്ധമായി പദ്ധതികള്‍ മുടക്കാനും പാടില്ല. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റേത്. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും മാതൃകയാകണം.
നല്ല നാളെകള്‍ ഉറപ്പാക്കാനുതകുന്ന പദ്ധതികളാണ് നടപ്പിലാക്കുന്നത്. അതു തന്നെയാണ് നവകേരള സങ്കല്പവും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ട്. അതിനായി ഭാരവാഹികളെ പ്രാപ്തരാക്കുന്നതിനായി ഓപണ്‍ സര്‍വകലാശാല ഉള്‍പ്പടെ മൂന്ന് സ്ഥാപനങ്ങള്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണ്.

ജനപ്രതിനിധികള്‍ക്കായി ഇത്തരം പാഠ്യപദ്ധതി രാജ്യത്ത് ആദ്യമാണ്. ഭരണനിര്‍വഹണം കൂടുതല്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കാന്‍ കോഴ്‌സ് സഹായകവുമാണ്. നാട് കൂടുതലായി വികസിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷയായി. ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് ധനകാര്യ വകുപ്പ് 1500 കോടി രൂപ മേഖലയ്ക്ക് നീക്കി വച്ചത്. യുവ ഗവേഷകരുടെ നീണ്ട നിരയാണ് ഇവിടെ സൃഷ്ടിക്കുന്നത്. സാമ്പത്തികമായി പിന്നാക്കമായവര്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുകയാണ് എന്ന് മന്ത്രി പറഞ്ഞു.

മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയാണ് ശ്രീനാരായണ ഓപണ്‍ യൂണിവെഴ്‌സിറ്റിയെന്ന് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്ലാനിങ് ഡോക്യുമെന്റ് പ്രകാശനവും നിര്‍വഹിച്ച ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. അക്കാദമിക് മികവ് വ്യത്യസ്ത മേഖലകളിലുള്ളവര്‍ക്ക് ലഭ്യമാക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ബിജു കെ. മാത്യു, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, സംഘാടകസമിതി കണ്‍വീനര്‍ എ. നിസാമുദ്ദീന്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നോവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ശ്രീ നാരായണ ഓപണ്‍ യൂണിവെഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പി.എം. മുബാറക്ക് പാഷ, പ്രോ വൈസ് ചാന്‍സിലര്‍ ഡോ. എസ്. വി. സുധീര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. കെ. ശ്രീവത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments