പഞ്ചാരിമേളത്തിന്റെ വിഭിന്ന തലവുമായി ഒരു സംഗീതവിരുന്ന്. പയ്യന്നൂര്‍ കൊഴുമ്മല്‍ ശ്രീ മാക്കീല്‍ മുണ്ട്യക്കാവ് ക്ഷേത്രത്തില്‍ നടന്ന ആഘോഷ പരിപാടിക്കിടെയാണ് വ്യത്യസ്തമായ ചെണ്ടമേളം അരങ്ങേറിയത്. ചെണ്ടക്കാര്‍ക്ക് മദ്ധ്യേ വയലിനുമായി നില്‍ക്കുന്ന പെണ്‍കുട്ടിയാണ് അമ്പരിപ്പിക്കുന്ന മേളം നയിക്കുന്നതെന്നുള്ളതാണ് ഈ സംഗീതമാമാങ്കത്തിന്റെ ശ്രേഷ്ഠമായ പ്രത്യേകത.
പെണ്‍കുട്ടിയുടെ സംഗീതത്തിന് അവളോടൊപ്പം അതിമനോഹരമായി താളമിട്ട് ആളുകളെ ത്രസിപ്പിച്ച് ചെണ്ടക്കാരും. വയലിന്‍ സംഗീതത്തിനൊപ്പം ചെണ്ടയുടെ താളവും ചേര്‍ന്നപ്പോള്‍ ഉരുത്തിരിഞ്ഞ സ്പെഷ്യല്‍ മേളം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ് . അമ്പരപ്പിക്കുന്ന പ്രകടനത്തിലൂടെ ഞെട്ടിക്കുകയാണ് ഈ പെണ്‍ വയലിനിസ്റ്റും മേളക്കാരും.
കൊച്ചി സ്വദേശി അപര്‍ണ ബാബുവാണ് ചെണ്ടമേളത്തിനൊപ്പം വയലിന്‍ വായിച്ച് സ്റ്റാറായിരിക്കുന്നത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഗാനം രാമായണക്കാറ്റിനാണ് അപര്‍ണ തന്റെ വയലിനിലൂടെ പുതു ജീവന്‍ നല്‍കിയിരിക്കുന്നത്. ഇതു കേട്ടാസ്വദിച്ചതാകട്ടെ ലക്ഷകണക്കിന് മലയാളി പ്രേക്ഷകരും.