പ്രേക്ഷകനു ചുറ്റും സഞ്ചരിക്കുന്ന, അതിസൂക്ഷ്മമായ ചെറുചലനങ്ങളുടെ ശബ്ദം പോലും വ്യക്തമായും കൃത്യമായും കേൾക്കാനും, സ്ക്രീനിലെ ദൃശ്യങ്ങളിലേക്കു കൂടുതൽ അലിഞ്ഞു ചേരാനും അവസരം നൽകുന്ന ശബ്ദ സാങ്കേതികതയാണ് ഡോൾബി അറ്റ്‌മോസ് . ശബ്ദങ്ങളെ പുനർജനിപ്പിക്കുക എന്നതാണ് ഇതിലെ പ്രത്യേകത.
ലോകത്തിനു മുന്നിൽ ഈ സാങ്കേതികത പരിചയപ്പെടുത്തിയത് ഡോൾബി കമ്പനിയാണ് .
നമുക്കു ചുറ്റുമുള്ള നമുക്ക് കേൾക്കാനാവുന്നതും ഇല്ലാത്തതും നാം അവഗണിക്കുന്നതുമായ ശബ്ദങ്ങളെ പുനസൃഷ്ടിക്കുകയാണു ഈ സാങ്കേതികതയിൽ ചെയ്യുന്നത്. മുൻപ് ഡോൾബി സറൗണ്ട് ശബ്ദവും ഡിടിഎസുമൊക്കെ ചിത്രങ്ങളിൽ ഉപയോഗിച്ചിരുന്നപ്പോൾ ശബ്ദം ചില ചാനലുകളിലേക്കു മാത്രം ഒതുക്കി നിർത്തേണ്ടി വന്നു .അറ്റ്‌മോസിൽ ഈ സ്വാതന്ത്ര്യക്കുറവില്ല .
അതായത് ഓരോ ശബ്ദവും തിയറ്ററിലെ ഏതു സ്പീക്കറിൽ നിന്നു കേൾക്കണം എന്നായിരുന്നു മുൻ സാങ്കേതിക വിദ്യകളിൽ നിർണയിച്ചിരുന്നതെങ്കിൽ അറ്റ്‌മോസിൽ അത് എവിടെ നിന്നു കേൾക്കണം എന്നു തീരുമാനിക്കാൻ കഴിയുന്നു.
ചെറുശബ്ദങ്ങൾ പോലും ഒരു പ്രത്യേക ദിശയിൽ നിന്നു കേൾക്കും വിധം സൃഷ്ടിക്കാനും ശബ്ദത്തെ ചലിപ്പിക്കാനും പ്രേക്ഷകനു ചുറ്റും സഞ്ചരിപ്പിക്കാനും അറ്റ്‌മോസിൽ കഴിയും .
യഥാർഥമെന്നു സംശയിച്ചുപോകുന്ന രീതിയിലാണ് ശബ്ദം സഞ്ചരിക്കുന്നത് . ചിത്രശലഭത്തിന്റെ ചിറകടിയൊച്ച മുതൽ ഹെലിക്കോപ്റ്ററിന്റെ പ്രകമ്പനം സൃഷ്ടിക്കുന്ന ശബ്ദവും അരുവികളുടെ കളകളാരവം മുതൽ കരയിൽ പതിക്കാൻ ലക്ഷ്യമാക്കി വരുന്ന കടൽത്തിരമാലകളുടെ ഇരമ്പലുകൾ വരെ വ്യക്തതയോടെ സമന്വയിപ്പിക്കാനാകും .
അറ്റ്‌മോസിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് തലയ്ക്കു മുകളിൽ സ്ഥാപിക്കുന്ന സ്പീക്കറുകൾ. ഡോൾബി സറൗണ്ട്, ഡിടിഎസ് സാങ്കേതിക വിദ്യകളിൽ വശങ്ങളിൽ സ്പീക്കറുകൾ സ്ഥാപിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത് . എന്നാൽ, അറ്റ്മോസിൽ തലയ്ക്കു മുകളിലും സ്പീക്കറുകളുണ്ടാകും . മഴ, കാറ്റ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ ശബ്ദം കൂടുതൽ റിയലിസ്റ്റിക്കായി പ്രേക്ഷകരിലെത്താൻ ഇതു സഹായിക്കും .